ജിബ്രാന്റെ സംഗീതത്തിൽ തമിഴിൽ പാടാൻ ഒരുങ്ങി മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. അഭിനേത്രി,നർത്തകി എന്നിവയിൽ മാത്രമല്ല താൻ ഒരു മികച്ച ഗായിക കൂടിയാണെന്ന് താരം മുൻപും തെളിയിച്ചിട്ടുണ്ട്.തമിഴ് സൂപ്പർ താരം തല അജിത്ത് നായകനാകുന്ന തുനിവ് എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജു പാടുന്നത്.
അജിത്ത് നായകനായ ചിത്രത്തിൽ മഞ്ജു വാര്യർ തന്നെയാണ് നായികയും.ജിബ്രാൻറെ സംഗീതത്തിൽ ഒരുങ്ങുന്ന ഗാനം പാടാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം മഞ്ജു വാര്യർ തൻറെ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്. പൊങ്കലിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്.
ബോണി കപൂർ നിർമ്മിക്കുന്ന ചിത്രത്തിൻറെ നിർവഹിക്കുന്നത് വേലുക്കുട്ടിയാണ്. നീരവ് ഷായാണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.അജിത്ത്,എച്ച് വിനോദ്,ബോണി കപൂർ കൂട്ട്കെട്ട് വലിമെയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സംവിധായകൻ വിനോദ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
വീര,സമുദ്രക്കനി,ജോണ് കൊക്കെൻ,തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തുനിവ് അജിത്തിന്റെ കരിയറിലെ 61 ആം ചിത്രമാണ്. തിയേറ്റർ റിലീസിനു ശേഷം ചിത്രത്തിൻറെ ഓ ടി ടി അവകാശം നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.
അതേസമയം മലയാളത്തിൽ മഞ്ജു വാര്യർ ആലപിച്ച കിം കിം,ഇസ്തക്കോ എന്നീ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു. സോഷ്യൽ മീഡിയകളിൽ നിരവധി പേരാണ് ഈ ഗാനങ്ങൾക്ക് ചുവടുവെച്ച് എത്തിയത്.അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.