നിരവധി വർഷങ്ങളായി ബോളിവുഡ് സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് അക്ഷയ് കുമാർ.എന്നാൽ അടുത്തകാലങ്ങളായി താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പലതിനും വേണ്ട രീതിയിൽ പ്രേക്ഷകർക്കിടയിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല.മലയാളത്തിൽ പുറത്തിറങ്ങി വമ്പൻ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്കായ സെൽഫിയാണ് അക്ഷയ് കുമാറിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൻറെതായി നടന്ന വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികൾക്കിടയിൽ നടന്ന ഒരു സംഭവമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.
സെൽഫി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റി സന്ദർശിക്കുകയായിരുന്നു അക്ഷയ്കുമാർ.താരം പരിപാടി നടക്കുന്നയിടത്ത് എത്തിയപ്പോള്‍ ഒരു ആരാധകൻ കൂട്ടത്തില്‍ നിന്നും സംരക്ഷണത്തിന് ഒരുക്കിയ ബാരിക്കേഡ് ചാടിക്കടന്ന അക്ഷയ് കുമാറിന്റെ അടുത്ത് എത്തി.പെട്ടെന്ന് അക്ഷയ് കുമാറിന് ചുറ്റും ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ഈ ആരാധകനെ പിടിച്ചുമാറ്റി തള്ളി.ആ യുവാവ് തെറിച്ചുവീണു.ഇത് ശ്രദ്ധയിൽപ്പെട്ട അക്ഷയ് കുമാർ നിലത്ത് വീണ ആരാധകനെ ചേർത്തുപിടിക്കുകയും ആലിംഗനം ചെയ്ത് തലയിൽ തലോടുന്നതും കാണാനാകും.
രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തെ അക്ഷയ് കുമാറും,സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറായി ഇമ്രാൻ ഹാഷ്മിയും ആണ് എത്തുന്നത്.റിഷഭ് ശർമയാണ് ഹിന്ദിയിൽ ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.2019ൽ ലാൽ ജൂനിയറിന്റെ സംവിധാനത്തിൽ മലയാളത്തിൽ റിലീസ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് മികച്ച വിജയമാണ് നേടിയെടുത്തത്.സച്ചിയായിരുന്നു ചിത്രത്തിൻറെ രചന നിർവഹിച്ചത്.പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിക്കും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസിനും സെൽഫിയുടെ നിർമ്മാണ പങ്കാളിത്തം ഉണ്ട്.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരാണ് മറ്റ് നിർമ്മാണ പങ്കാളികൾ.സല്മാന് ഖാന് ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ മെട്രോയിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തി ‘മെം കില്ലാടി’ എന്ന ഗാനത്തിന് ഇമ്രാൻ ഹാഷ്മിയും അക്ഷയ് കുമാറും തകർത്താടിയിരുന്നു.പിന്നീട് പ്രേക്ഷകർക്കൊപ്പം സെൽഫി എടുത്തും ഏവരെയും അഭിവാദ്യം ചെയ്തുമാണ് ഇരു താരങ്ങളും മെട്രോ സ്റ്റേഷനിൽ നിന്നും മടങ്ങിയത്.ഫെബ്രുവരി മാസം 24ആം തീയതിയാണ് സെൽഫി തിയേറ്ററുകളിൽ എത്തുന്നത്.