നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച മികച്ച അഭിപ്രായം നേടിയ മഹേഷ് നാരായണൻ ചിത്രം അറിയിപ്പ് തിയേറ്ററിൽ റിലീസ് ചെയ്യാതെ നേരിട്ട് ഓ.ടി.ടി റിലീസിന് ഒരുങ്ങുന്നു.കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബർ 16 നാണ് നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തു തുടങ്ങുക.കുഞ്ചാക്കോ ബോബൻ,ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ചിത്രത്തിൽ ഹരീഷ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ദിവ്യ പ്രഭ രശ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ നോയിഡയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നതാണ് പ്രധാന കഥാപാശ്ചാത്തലം.കണ്ണൻ അരുണാചലം,ലവ്ലീൻ മിശ്ര,ഡാനിഷ് ഹുസൈൻ,ഫൈസൽ മാലിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഒരു ദിവസം ഫാക്ടറി തൊഴിലാളികളുടെ വാട്സാപ് ഗ്രൂപ്പിൽ രശ്മിയുടെ പേരിൽ ഒരു അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യപ്പെടുകയാണ്.ഇതിൻറെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള രശ്മിയുടെ പോരാട്ടവും ചിത്രം പറയുന്നു.തന്റെ അസ്തിത്വം നഷ്ടമാവാതിരിക്കാൻ പൊരുതുന്ന സ്ത്രീത്വത്തെ നമുക്ക് ചിത്രത്തിൽ കാണാൻ ആകും.ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത രശ്മിയെയും അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യറാകുന്ന ഹരീഷിനെയും ദിവ്യപ്രഭയും കുഞ്ചാക്കോ ബോബനും അതിഗംഭീരമായാണ് സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.
സംവിധായകനായ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിൻറെ രചനയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്.75 ആം ലൊകാർണോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി കാണികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.ഐഎഫ്എഫ്ഐയിൽ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ഐഎഫ്എഫ്കെയിലും പ്രദർശനത്തിന് എത്തുന്നുണ്ട്.ചിത്രത്തിൻറെ ഛായാഗ്രഹകൻ സാനു ജോൺ വർഗീസ് ആണ്.ചിത്രത്തിൽ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സുഷിൻ ശ്യം ആണ്.