മലയാള സിനിമയിൽ വളരെ കുറച്ചു കാലം കൊണ്ട് തന്നെ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അർജുൻ അശോകൻ.അച്ഛൻ അശോകനെ പോലെ തന്നെ കോമഡി കഥാപാത്രങ്ങളും അതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും അഭിനയിച്ചു മുന്നേറുകയാണ് അർജുൻ.നായകനായും വില്ലനായും സ്വഭാവനടനായും ഒക്കെ നിരവധി കഥാപാത്രങ്ങളാണ് അർജുൻ സ്ക്രീനിൽ എത്തിച്ചത്.കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര യുവ നായകന്മാരിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കാൻ അർജുന് ആയിട്ടുണ്ട്.
ഇടയ്ക്കിടെ സിനിമാ വിശേഷങ്ങളും തന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള അർജുൻ ഏറ്റവും പുതുതായി പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.അച്ഛൻ അശോകനൊപ്പം ഒരു ചടങ്ങിൽ നൃത്തം ചെയ്യുന്ന രീതിയിലുള്ള ചിത്രമാണ് അർജുൻ പങ്കു വെച്ചിട്ടുള്ളത്.കൊച്ചിന്റെ ഭാര്യ സഹോദരൻറെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് പകർത്തിയ ചിത്രമാണെന്നാണ് അറിയാൻ ആകുന്നത്. മുതലാളി ജംഗ ജഗ ജഗാ,സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ഞാനല്ല തുടങ്ങിയ ഹരിശ്രീ അശോകൻ ഹിറ്റ് ഡയലോഗുകളും ചിത്രത്തിന് താഴെ ആരാധകർ കമൻറ് ആയി പോസ്റ്റ് ചെയ്യുന്നുണ്ട്.
ജിത്തു മാധവന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ,സജിൻ,സിജു സണ്ണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഈ വർഷത്തെ മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായ ചിത്രമായ രോമാഞ്ചത്തിലും അർജുൻ അശോകൻ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ കഥയാണെന്ന് പറഞ്ഞ് തുടങ്ങുന്ന ചിത്രം ബാംഗ്ലൂരിലെ ഒരു വീട്ടിൽ താമസിക്കുന്ന പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്ത ആറു പേരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ പറയുന്നത്. ഹൊറർ സംഭവങ്ങളെ ചെറിയ രീതിയിൽ തമാശയുടെ കൂട്ടുപിടിച്ച് അവതരിപ്പിച്ച ചിത്രം പ്രേക്ഷകരെ വളരെയധികം രസിപ്പിക്കുകയും മികച്ച കളക്ഷൻ വിജയം നേടുകയും ചെയ്തിരുന്നു.
2017ൽ സൗബിൻ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയായിരുന്നു അർജുൻ അശോകൻറെ സിനിമ അഭിനയ ജീവിതം ശ്രദ്ധ നേടുന്നത്.ബിടെക്,വരത്തൻ,മന്ദാരം,ഉണ്ട,അജഗജാന്തരം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.സൂപ്പർ ശരണ്യ,മെമ്പർ രമേശൻ എന്ന ചിത്രങ്ങളിൽ ആണ് അർജുൻ അശോകന്റെ കഴിഞ്ഞ വർഷത്തിലെ ശ്രദ്ധേയ പ്രകടനങ്ങൾ. തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിലെ അർജുന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് നേടാനായത്. ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ദിലീപ് തന്നെയായിരുന്നു.