സമൂഹത്തിൽ നിലനിൽക്കുന്ന മോശം പ്രവണതകളിൽ ഒന്നാണ് ബോഡി ഷേമിങ്ങ്. താരങ്ങൾ അടക്കം പലപ്പോഴും ബോഡി ഷേമിംഗിന് വിധേയരാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായതോടെ പലരും തങ്ങളുടെ അനുഭവങ്ങൾ ഇപ്പോൾ തുറന്നു പറയാറുണ്ട്. ഒരുകാലത്ത് സിനിമകളിൽ കോമഡി എന്നപേരിൽ ബോഡി ഷേമിങ് ഡയലോഗുകൾ വ്യാപകമായിരുന്നു. എന്നാൽ കാലം മാറിയതോടെ ഇത്തരം പ്രവണതകളെ പ്രേക്ഷകർ ഉൾപ്പെടെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെ പലരും തെറ്റുകൾ മനസ്സിലാക്കി തിരുത്താനും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. അതിനിടെ ബോഡി ഷേമിങ്ങിനെ കുറിച്ച് അജു വർഗീസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബോഡി ഷേമിംഗ് ഒരു തെറ്റാണെന്ന് അറിഞ്ഞിട്ട് രണ്ടുവർഷമേ ആകുന്നുള്ളൂ എന്നാണ് അജു വർഗീസ് പറയുന്നത്. ഞാനിപ്പോൾ നിൽക്കുന്നത് പുതിയ തലമുറയല്ല പഴയതുമല്ല എന്ന അവസ്ഥയിലാണ് എന്ന് അജു പറയുന്നു. താൻ അഭിനയിക്കുന്ന മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയ കേരള ക്രൈം ഫയൽസിന്റെ ലോഞ്ചിന് മുന്നോടിയായി ഉള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്. ഞാൻ നിൽക്കുന്നത് ഒരു പ്രത്യേക ജനറേഷനിൽ ആണ് നാല്പതുകളിലേക്ക് കടക്കുന്നവർ ന്യൂജനും അല്ല പഴയ തലമുറയും അല്ല. വീട്ടിൽ ഞങ്ങൾ അനുഭവിക്കുന്നത് വല്ലാത്തൊരു അവസ്ഥയാണ്. വീട്ടിൽ ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടത് പഴയ തലമുറയാണ്. അവർക്ക് എന്ത് പൊളിറ്റിക്കൽ കറക്ട്നസ്സ്.പുറത്തെ മാറ്റം നമ്മൾ മനസ്സിലാക്കുന്നുണ്ട്.
നിങ്ങൾ മാറുന്നത് അനുസരിച്ച് മാറാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ വീട്ടിലെ അച്ഛൻറെയും അമ്മയുടെയും അടുത്ത് പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത പഴയ നമ്മളായിരിക്കും എന്നും അജു പറയുന്നു. വീട് തുറന്ന് പുറത്തിറങ്ങി കഴിഞ്ഞാൽ നമ്മൾ പുതിയ തലമുറയെയാണ് കാണുന്നത്. അവിടെ നമ്മൾ അഭിനയിച്ചു തുടങ്ങുകയാണ്. പഠിക്കുകയാണ് ബോഡി ഷേമിങ് തെറ്റാണെന്ന് ഞാൻ അറിഞ്ഞിട്ട് രണ്ടുവർഷമേ ആകുന്നുള്ളൂ. ചെറുപ്പം തൊട്ടേ ഉയരത്തെ കളിയാക്കാറുണ്ട് അതൊന്നും എന്നെ അലട്ടിയിട്ടില്ല. അതെനിക്കൊരു വിഷമമായിട്ട് തോന്നിയിട്ടുമില്ല. എന്നെ കളിയാക്കിയ സുഹൃത്തുക്കളുണ്ട്. നമ്മൾ അതിനെ തമാശയായിട്ട് കണ്ടുള്ളൂ. പക്ഷേ അത് തെറ്റായി മാറിയ ഒരു കാലഘട്ടത്തിൽ ഞാൻ അത് ചെയ്യണമെന്ന് ഒരിക്കലും പറയുന്നത് ശരിയല്ല.
എന്നാൽ എനിക്ക് എൻറെ കാര്യം തീരുമാനിക്കാം അല്ലോ. എനിക്ക് കുഴപ്പമില്ല പക്ഷേ ഭൂരിപക്ഷത്തിന് അത് മാനസികമായി ബാധിക്കപ്പെടുന്നുണ്ട്. കുറച്ചൊക്കെ ഫൈറ്റ് ചെയ്താൽ അല്ലേ നമ്മൾ സ്ട്രോങ്ങ് ആവുകയുള്ളൂ എന്നും അജുവർഗീസ് പറഞ്ഞു. ഇതൊക്കെ കേൾക്കുമ്പോൾ പോട്ടെ പുല്ലെന്ന ആറ്റിറ്റ്യൂഡ് ഉണ്ടാക്കിയെടുക്കണം എന്നും പറയുന്നു. എന്നോട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ പുറത്ത് ജീവിതം ഒട്ടും സുന്ദരം അല്ലെന്നു പറയും. നന്മ മരങ്ങൾ ഒന്നുമില്ല. ഒരു അവസരം കിട്ടിക്കഴിഞ്ഞാൽ നമ്മുടെ വികാരങ്ങളും സന്തോഷമോ ഒന്നും നോക്കി ആരും നിൽക്കുമെന്ന് തോന്നുന്നില്ല.
അവിടെ പോയി ഒരു ആട്ടം ആടുകയാണ് നമ്മൾ. ഇതൊക്കെ കേട്ടാൽ പോട്ട് പുല്ലെന്നു തോന്നുന്ന ആറ്റിറ്റ്യൂഡ് സ്വയം ഉണ്ടാക്കണം. അല്ലാതെ അപ്പുറത്ത് നിൽക്കുന്നവൻ നമ്മളെ ബോഡി ഷേമിങ് ചെയ്യുകയാണ് എന്ന് പൊളിറ്റിക്കലി ചിന്തിക്കുന്ന ഒരു ലോകം പുറത്തില്ല എന്നും അജു പറഞ്ഞു. എന്നാൽ ഇന്നത്തെ തലമുറയുടെ മൂവ്മെൻറ് നല്ല രീതിയിൽ ജനശ്രദ്ധ ലഭിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. ഒരു 5, 10 വർഷം കഴിയുമ്പോൾ നമ്മുടെ നാട് ശരിക്കും ദൈവത്തിൻറെ സ്വന്തം നാടായി മാറുമെന്ന് പ്രതീക്ഷയും അജു വർഗീസ് പങ്കുവെച്ചു.