മലയാളികളുടെ പ്രിയപ്പെട്ട നടി മാത്രമല്ല മികച്ച ജീവകാരുണ്യ പ്രവർത്തക കൂടിയാണ് സീമ ജി നായർ. ക്യാൻസർ ബാധിച്ച് മരിച്ച ശരണ്യയിലൂടെ പുറംലോകം അറിഞ്ഞ സീമയുടെ മനസ്സും സ്നേഹവും ആയിരത്തിലധികം കുഞ്ഞുങ്ങളും രോഗബാധിതരുമാണ് ഓരോ ദിവസവും നടിയെ തേടിയെത്തുന്നത്. എന്നാൽ ഇപ്പോഴിതാ ഗുരുതരമായ രോഗം ബാധിച്ച് അകാലത്തിൽ പൊലിഞ്ഞു പോയ അയറിൻ എന്ന കുരുന്നിൻറെ വിയോഗത്തിൽ ഹൃദയം തകരുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് സീമ ജി നായർ. മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനെ കാണണമെന്ന് ആഗ്രഹം സാധിച്ചു കൊടുക്കാൻ ആയെങ്കിലും ഏറെ കഴിയും മുൻപേ ആ കുരുന്ന് ലോകത്തോട് വിട പറഞ്ഞ് പോയതിന്റെ വേദനയിലാണ് സീമയുടെ കുറിപ്പ്. സീമയുടെ വാക്കുകൾ ഇങ്ങനെയാണ്;
ശുഭദിനം. ഈ കുറിപ്പ് എഴുതുന്നത് പൊന്നുവിന്റെ ഓർമ്മയ്ക്കായാണ്. ഏകദേശം മൂന്നു മാസങ്ങൾക്ക് മുന്നേ തൊടുപുഴ സ്മിതാ മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ സഞ്ജു എനിക്കൊരു മെസ്സേജ് അയച്ചു. എനിക്ക് ഡോക്ടറെ നേരത്തെ അറിയാമായിരുന്നു. എൻറെ സഹോദര തുല്യനായ സുരേഷിനെ ഡോക്ടർ നോക്കിയിരുന്നു. ഡോക്ടറിന്റെ മെസ്സേജ് വായിക്കുമ്പോഴാണ് പൊന്നുവിനെ കുറിച്ച് ഞാൻ അറിയുന്നത്. അവളുടെ അസുഖത്തിന്റെ കാഠിനത്തിലും എല്ലാവർക്കും ധൈര്യം പകർന്നു നൽകിയ ഈ കുഞ്ഞു പ്രായത്തിലും മനോധൈര്യം കൈവിടാതെ തന്നെ അസുഖത്തെ നേരിട്ട പൊന്നു. അവളുടെ അസുഖത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് അവൾ കടന്നു പോയിക്കൊണ്ടിരുന്നത്.
അവളുടെ ഏറ്റവും വലിയ ഒരാഗ്രഹത്തെ കുറിച്ച് ആയിരുന്നു ആ മെസ്സേജ്. ചാക്കോച്ചനെ ഒന്ന് കാണണം നവംബർ 29ന് പൊന്നുവിന്റെ പിറന്നാളുമാണ്. സത്യത്തിൽ ഒരു നിമിഷം ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു പോയി. ഗുരുതരമായ രോഗം ബാധിച്ച 600 ലധികം കുഞ്ഞുങ്ങളുടെ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തിട്ടുണ്ട്. ചാക്കോച്ചന് നല്ല തിരക്കുള്ള സമയവും ടൈം കിട്ടാതെ വരുമോ. ദൂരെയാണ് ഷൂട്ട് ആണെങ്കിൽ അത് പ്രശ്നമാവും. ഞാൻ അദ്ദേഹത്തിന് ഡോക്ടറിന്റെ മെസ്സേജ് അയച്ചു കൊടുത്തു. ആശങ്കകൾ അസ്ഥാനത്താക്കി മറുപടി വന്നു. തീർച്ചയായും കാണാം ഡേറ്റ് നോക്കട്ടെ എന്ന്. ഇത്രയും തിരക്കിനിടയിലും കുഞ്ഞിനെ കാണാൻ അദ്ദേഹം സമയം കണ്ടെത്തി. എത്ര നന്ദി പറഞ്ഞാലും അത് പകരമാവില്ല.
ദൈവനിശ്ചയം പോലെ മോളുടെ പിറന്നാളിന്റെ അന്ന് അവളെയും കുടുംബത്തിനെയും ഡോക്ടറെയും ചാക്കോച്ചൻ എറണാകുളത്തേക്ക് ക്ഷണിച്ചു. പിറന്നാൾ സദ്യ കഴിച്ച്, കേക്കും കട്ട് ചെയ്ത് ഫോട്ടോയും എടുത്തു കഴിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്. ആ സന്തോഷം നേരിട്ട് കാണുവാൻ എനിക്ക് ഭാഗ്യം കിട്ടിയില്ല. ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. അതിനുശേഷം ഒരു വീഡിയോ എടുത്ത് അവൾ അയച്ചുതന്നു ചാക്കോച്ചന്റെ കൂടെയുള്ള ഫോട്ടോയും. ആ വീഡിയോയും കണ്ടപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. ഈ കുഞ്ഞിനാണോ ഇത്രയും ഗുരുതരമായ അസുഖം എന്ന്. അവളെ കാണാൻ ചെല്ലാമെന്ന് ഡോക്ടറോട് ഞാൻ പറഞ്ഞിരുന്നു പക്ഷേ ഞാൻ എത്താൻ അവൾ കാത്തുന്നില്ല.
അവളുടെ ആഗ്രഹം സാധിച്ചു മൂന്നുമാസത്തിനുള്ളിൽ ഈശ്വര സന്നിധിയിലേക്ക് പൊന്നു യാത്രയായി. ആ വാർത്ത എനിക്ക് ഷോക്കായിരുന്നു ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞാൻ കാണാതെ കണ്ട പൊന്നുവായിരുന്നു മനസ്സിൽ നിറയെ. കുഞ്ഞുമാലാഖമാരോടൊപ്പം അവൾ സ്വർഗ്ഗത്തിൽ ഓടിക്കളിക്കുന്നുണ്ടായിരിക്കും. അവളുടെ ആത്മാവിന് നിത്യശാന്തി നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു. അവളുടെ അച്ഛനും അമ്മയ്ക്കും കുടുംബത്തിലുള്ള എല്ലാവർക്കും ഇത് താങ്ങാനുള്ള കരുത്ത് നൽകട്ടെ. അവൾ എനിക്ക് അയച്ച വീഡിയോ കൂടി പോസ്റ്റ് ചെയ്യുന്നു. എന്ന് കുറിച്ചുകൊണ്ടാണ് ചാക്കോച്ചന്റെ ഒപ്പം നിൽക്കുന്ന ചിത്രവും, പൊന്നു അയച്ച വീഡിയോയും സീമ ജി നായർ പോസ്റ്റ് ചെയ്തത്.