ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ ഗായികയാണ് കെ എസ് ചിത്ര. ഓരോ മലയാളികളുടെയും ഇഷ്ടഗാനങ്ങളിൽ ഒന്നെങ്കിലും ചിത്രയുടെതാകും. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലും എല്ലാം കൂട്ടായി ചിത്രയുടെ ശബ്ദം ഉണ്ട്. അതുകൊണ്ടുതന്നെയാണ് മലയാളികൾ തങ്ങളുടെ പ്രിയ ഗായികയെ വാനമ്പാടി എന്ന് വിളിക്കുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ബംഗാളിലും എല്ലാം പാട്ടുകൾ പാടി കയ്യടി നേടിയിട്ടുണ്ട് ചിത്ര. ഇതിനുപുറമേ കൈ നിറയെ പുരസ്കാരങ്ങളും അംഗീകാരങ്ങളും ചിത്രയെ തേടി എത്തിയിട്ടുണ്ട്.
ഇതിനേക്കാൾ ഒക്കെ ഏറെ ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിലമതിക്കാനാവാത്തതുമായ സമ്പാദ്യമായിരുന്നു ഏക മകൾ നന്ദന. ഒരുപാട് നാളത്തെ പ്രാർത്ഥനകളുടെ ഫലമായി ലഭിച്ച ആ കണ്മണിയെ ചിത്രയ്ക്ക് അകാലത്തിൽ നഷ്ടപ്പെട്ടിട്ട് ഇന്ന് 12 വർഷം ആവുകയാണ്. ഇന്നും മകളുടെ വേർപാടിന്റെ വേദനയിൽ കഴിയുകയാണ് ചിത്ര. മകൾ നന്ദനയുടെ ഓർമ്മ ദിനത്തിൽ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. വികാരനിർഭരമായ ഒരു കുറിപ്പാണ് ചിത്ര പങ്കുവെച്ചിരിക്കുന്നത്. മനസ്സ് നിറയെ മകളെ കുറിച്ചുള്ള ഓർമ്മകളാണെന്നും അത് എന്നും മായാതെ നിലനിൽക്കും എന്നും ചിത്ര കുറിക്കുന്നു. ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓർമ്മകളാണ്. അഭിമാനത്തോടെ ഞങ്ങൾ നിന്നെക്കുറിച്ച് സംസാരിക്കുന്നു.
നീയില്ലാതെ ജീവിതം മുന്നോട്ടു നീങ്ങുകയാണ് അത് ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. പ്രിയപ്പെട്ട നന്ദ മോളെ സ്നേഹത്തോടെ സ്മരിക്കുന്നു എന്നാണ് ചിത്ര പങ്കുവെച്ച കുറുപ്പിൽ. നിരവധി പേരാണ് ചിത്രയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. ചിത്രയെ ആശ്വസിപ്പിച്ചുകൊണ്ടുള്ള കുറിപ്പുകൾ ആണ് ഏറെ. ചിത്രയെ സ്നേഹിക്കുന്നവരുടെ മനസ്സിലടക്കം ഒരു വിങ്ങലായി നന്ദനയുണ്ട് എന്ന് കമന്റുകളിൽ കാണാം. അതേസമയം മകളുടെ എല്ലാ പിറന്നാളിനും ഓർമ്മ ദിനത്തിനും ചിത്ര മകളെ കുറിച്ച് കുറിപ്പ് പങ്കുവയ്ക്കാറുണ്ട്. ആ നൊമ്പര കുറിപ്പിൽ ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ കഴിഞ്ഞ പിറന്നാളിന് ചിത്ര പങ്കുവെച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. നീ മാലാഖമാർക്കിടയിൽ സുരക്ഷിതയാണെന്ന് അറിയാമെങ്കിലും നിന്നെ എനിക്ക് മിസ്സ് ചെയ്യുന്നുവെന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.
‘നീ മാലാഖമാരോടൊപ്പം സ്വർഗ്ഗത്തിൽ ജന്മദിനം ആഘോഷിക്കും. എല്ലായിടത്തും സ്നേഹിക്കുക. വർഷങ്ങൾ കടന്നു പോകുന്നു. നിനക്ക് ഒരിക്കലും പ്രായമാകില്ല. നീ സുരക്ഷിതയാണെന്ന് അറിയാമെങ്കിലും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുകയും മിസ്സ് ചെയ്യുകയും ചെയ്യുന്നു. എൻറെ പ്രിയപ്പെട്ട നന്ദയ്ക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നായിരുന്നു നന്ദനയുടെ പിറന്നാൾ ദിനം കെ എസ് ചിത്ര കുറിച്ചത്. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുൻപ് പല അഭിമുഖങ്ങളിലും ചിത്ര തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 15 വർഷത്തെ കാത്തിരിപ്പിനുശേഷം ആണ് ചിത്രയ്ക്കും ഭർത്താവ് വിജയ് ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷം ആയിരുന്നു മകളുടെ ജനനം. അതുകൊണ്ടുതന്നെ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന പേര് നൽകുകയായിരുന്നു. എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികം നാൾ നീണ്ടു നിന്നില്ല. ഒരു വിഷു നാളിൽ ദുബായിലെ വില്ലയിലെ നീന്തൽ കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. 9 വയസ്സ് ആയിരുന്നു അന്ന് പ്രായം. ഒരു സ്പെഷ്യൽ ചൈൽഡ് കൂടിയായിരുന്നു നന്ദന. മകളുടെ മരണം തീർത്ത ആഘാതത്തിൽ നിന്ന് പതിയെ പതിയെ ആണ് ചിത്ര മുക്ത ആയത്.