മലയാളവും കടന്ന് തമിഴ് തെലുങ്ക് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു പാൻ ഇന്ത്യൻ താരമായി വളർന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിൻറെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ.സൂപ്പർ താരത്തിന്റെ മകൻ താരപുത്രൻ എന്നീ നിലകളിൽ നിന്നും സ്വന്തം അധ്വാനം കൊണ്ട് ദുൽഖർ ഇന്ന് ഏറെ വളർന്നിരിക്കുകയാണ്.ഇന്ത്യ മുഴുവനും ഉള്ള വിവിധ ഇൻഡസ്ട്രികളിൽ മലയാളത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ദുൽഖർ ഇന്ന്.ഇപ്പോഴിതാ കോഴിക്കോട് കൊണ്ടോട്ടിയിൽ സ്വയംവര സിൽക്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിന് എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഏറെ ശ്രദ്ധ നേടുന്നത്.
ലക്ഷക്കണക്കിന് ആളുകളാണ് ഈ ഉദ്ഘാടന പരിപാടിയിൽ ദുൽഖറിനെ കാണാനായി എത്തിയത്. ഈ ജനലക്ഷങ്ങൾക്കൊപ്പം ദുൽഖർ പകർത്തിയ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കിംഗ് ഓഫ് കൊത്ത എന്ന തൻറെ ഏറ്റവും പുതിയ ചിത്രത്തിൻറെ ലുക്കിൽ എത്തിയ ദുൽഖറിനെ കണ്ടതോടെ തന്നെ ജനങ്ങൾ ആവേശഭരിതരായിരുന്നു.‘ചങ്ങായിമാരെ ഉസാറല്ലേ’ എന്ന് കൊണ്ടോട്ടി ഭാഷയിൽ പറഞ്ഞാണ് ദുൽഖർ ആരാധകരോട് സംസാരിച്ച് തുടങ്ങിയത്.തുടർന്ന് സംസാരിച്ച ദുൽക്കർ ‘ഒക്കെ കണ്മണി’ എന്ന ഗാനവും ‘സുന്ദരി പെണ്ണേ’ എന്ന ഗാനവും ആരാധകർക്കൊപ്പം ആലപിക്കുന്നുണ്ട്.
ആരാധകർ സ്നേഹത്തോടെ വരച്ച തന്നെ ചിത്രങ്ങളും മറ്റും സ്വീകരിച്ച് ആരാധകർക്കൊപ്പം നൃത്തം ചെയ്താണ് താരം മടങ്ങിയത്.ഈ അടുത്ത് തന്റെ ഹിന്ദി ചിത്രമായ ചുപ്പിലെ അഭിനയത്തിന് ദാദാസാഹിബ് ഫിലിം ഫെസ്റ്റിവലിൽ മികച്ച വില്ലനുള്ള പുരസ്കാരം ദുൽഖർ സ്വന്തമാക്കിയിരുന്നു.വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്.ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം രണ്ടു കാലഘട്ടങ്ങളിൽ ഉള്ള കഥയാണ് പറയുന്നത്.
ഒരു സിഗരറ്റ് വലിച്ചുകൊണ്ട് കാറിൽ ഇരിക്കുന്ന ദുൽഖറിന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിൽ പുറമേ തമിഴ്, ഹിന്ദി,തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്നതായിരിക്കും.അഭിലാഷ് എസ് ചന്ദ്രൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ഗോകുൽ സുരേഷ് എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.കുറുപ്പ് എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ദുൽഖർ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.തെലുങ്കിൽ സീതാരാമം,ബോളിവുഡിൽ ചുപ്പ് എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷമാണ് ദുൽഖർ മടങ്ങിയെത്തുന്നത്.