കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടത്തിൽ ബിനു അടിമാലിക്ക് മഹേഷ് കുഞ്ഞുമോനും ഗുരുതര പാരുക്കുളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബിനു അടിമാലി ആശുപത്രി വിട്ടിട്ടും മഹേഷിന് ആശുപത്രിയിൽ തുടരേണ്ടിവന്നു. മുഖത്തും തലയിലും മഹേഷിന് പാരിക്കേറ്റിട്ടുണ്ട് മുൻവശത്തെ പല്ലുകൾ നഷ്ടമാവുകയും മൂക്കിന് ചതവ് സംഭവിക്കുകയും ചെയ്തു. എങ്കിലും താൻ തളരില്ലെന്നും ശക്തമായി തന്നെ തിരികെ വരുമെന്നുമാണ് മഹേഷ് പറയുന്നത്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരികെയെത്തിയ ശേഷം 24 ന്യൂസിനോട് സംസാരിക്കുകയാണ് മഹേഷ്. കുറച്ചുനാൾ വിശ്രമമാണ് എന്നാൽ താൻ പഴയതിലും അടിപൊളിയായി തിരിച്ചുവരും എന്ന് മഹേഷ് പറയുന്നു. അപകട ദിവസം നടന്ന സംഭവങ്ങളും മഹേഷ് ഓർത്തെടുക്കുന്നുണ്ട്. വടകരയിലെ പരിപാടി കഴിഞ്ഞ് എനിക്ക് എറണാകുളത്തേക്ക് അത്യാവശ്യമായി വരേണ്ട ഒരു കാര്യം ഉണ്ടായിരുന്നു.
ഡബ്ബിങ് കുറച്ചു വോയിസ് ടെസ്റ്റുകൾ ഉണ്ടായിരുന്നു. അതിനാൽ പ്രോഗ്രാമിന്റെ ഡയറക്ടർ ഉണ്ണി ചേട്ടനോട് ചേട്ടാ എറണാകുളത്തേക്ക് ഒരു വണ്ടി അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു. അപ്പോഴാണ് ബിനു ചേട്ടനും സുധി ചേട്ടനും എറണാകുളത്തേക്ക് പോകുന്ന വണ്ടിയിൽ കേറ്റി വിടാം എന്ന് പറയുന്നത്. അവർ ആലുവയിൽ ഇറക്കി വിടാം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് വന്നതാണെന്ന് മഹേഷ് പറയുന്നത്. വണ്ടിയിൽ കയറിയത് മുതൽ ഹാപ്പി ആയിരുന്നു. തമാശയൊക്കെ പറഞ്ഞ് വരികയായിരുന്നു. ബിനു ചേട്ടനെയൊക്കെ അറിയാലോ കൗണ്ടറുകൾ ഇങ്ങനെ അടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ വരികയായിരുന്നു ഞങ്ങൾ. പരിപാടിയുടെ ക്ഷീണം കാരണം ഞാൻ ഉറങ്ങിപ്പോയി അപകടം നടന്ന സമയം ഒന്നും ഓർമ്മയില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിൽ വച്ചാണ് കണ്ണ് തുറന്നത്. പക്ഷേ മുഖമൊക്കെ ചുളുങ്ങിയത് പോലെ പരിക്കുപറ്റിയിരുന്നു. വ്യക്തതയോടെ സംസാരിക്കാനും പറ്റിയില്ല എന്ന് താരം ഓർക്കുന്നു. കൂടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഉണ്ടായിരുന്നു. അപകടമുണ്ടായെന്ന് മാത്രമേ മനസ്സിലായുള്ളൂ. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. കൂടെയുണ്ടായിരുന്നവരെയും കണ്ടില്ല. ബിനു ചേട്ടനും സുധി ചേട്ടനും എവിടെയെന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. സർജറി സമയത്ത് കോൺഷ്യസ് ആയിരുന്നു. ആ സമയത്താണ് അറിയുന്നത് സുധി ചേട്ടൻ മരിച്ചു എന്ന്.
അനസ്തേഷ്യ തരുന്നതിന് മുമ്പ് ഡോക്ടർ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു എന്നാണ് മഹേഷ് പറയുന്നത്. പക്ഷേ കൂടെയുള്ളവരൊക്കെ ചിന്തിച്ചിരുന്നത് ഞാൻ ആ വാർത്ത അറിഞ്ഞിട്ടില്ല എന്നാണ്. ഞാൻ സുധി ചേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ ഒക്കെ കുഴപ്പമില്ല എന്നാണ് അവർ പറഞ്ഞിരുന്നത്. പക്ഷേ സത്യാവസ്ഥ എനിക്കറിയാമായിരുന്നു മുഖം അനക്കാൻ പോലും പറ്റാത്ത ആ അവസ്ഥയിലും അത് വലിയ ഫീലിംഗ് ആയി പോയെന്നും താരം പറയുന്നു. ബിനു ചേട്ടൻ എന്നെ കാണാൻ വന്നിരുന്നു എന്നെ വിളിക്കുകയും ചെയ്തു.
സിനിമ മേഖലയിൽ നിന്നും പലരും വിളിച്ചു. എനിക്ക് വേണ്ടി ഒരുപാട് പേർ പ്രാർത്ഥിച്ചു. ഒരുപാട് പേർ വിളിച്ചു എനിക്കൊന്നും വരല്ലേ എന്ന് ആഗ്രഹിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറയുന്നു. മിമിക്രിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിയുന്നത് ഇനി കുറച്ചുനാളത്തേക്ക് വിശ്രമമാണ്. പക്ഷേ ഞാൻ തിരിച്ചു വരും പഴയതിലും അടിപൊളിയായി തിരിച്ചുവരും അപ്പോഴും കൂടെ ഉണ്ടാകണമെന്ന് മഹേഷ് കൂട്ടിച്ചേർത്തത്.