നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് 60കാരനായ നടൻ ഇന്നലെ വീണ്ടും വിവാഹിതനായത്. രൂപാലി ആണ് വധു. കൊൽക്കത്ത ക്ലബ്ബിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുകയാണ് രൂപാലി. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രൂപാലിയെ വിവാഹം കഴിക്കുന്നു എന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണുള്ളത് എന്നാണ് വിവാഹശേഷം ആശിഷ് വിദ്യാർത്ഥി പ്രതികരിച്ചത്. പരസ്പരം കണ്ടുമുട്ടിയിട്ട് കുറച്ചുകാലങ്ങളായി.
അത് മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് രൂപാലിയും പറയുകയുണ്ടായി. എന്നാൽ നടൻറെ രണ്ടാം വിവാഹത്തിൽ മുൻ ഭാര്യ തൃപ്തയല്ല എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബംഗാളി നടി ശകുന്തളയുടെ മകളായ രാജോഷിയാണ് ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ ഭാര്യ. നടന്റെ വിവാഹശേഷം രാജേഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചില പോസ്റ്റുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ആ പോസ്റ്റുകളിലാണ് വിവാഹത്തിൽ അതൃപ്തി ഉള്ളതിന്റെ സൂചനകൾ. ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ടു കുറിപ്പുകൾ ആണ് രാജോഷി പങ്കുവെച്ചത്. ഇതിൽ ആദ്യത്തേതിൽ എഴുതിയിരിക്കുന്നത് മനസ്സിന് ഏറ്റ മുറിവിനെ കുറിച്ചാണ്. ജീവിതത്തിലെ ശരിയായ വ്യക്തി നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല.
നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക എന്നായിരുന്നു പോസ്റ്റ്. രണ്ടാമത്തെ കുറിപ്പിൽ അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെ കുറിച്ചാണ് പറയുന്നത്. അമിത ചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തു പോകട്ടെ ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ് നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു എന്നാണ് പോസ്റ്റിലെ വാചകങ്ങൾ. അതേസമയം രാജേഷി അവസാനമായി പങ്കുവെച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ജീവിതം എന്ന പസിലിൽ പെട്ട് ആശയക്കുഴപ്പത്തിൽ ആകരുത് എന്നാണ് കുറിച്ചിരിക്കുന്നത്.
ചിരിച്ചുകൊണ്ടുള്ള ഒരു സെൽഫിക്ക് ഒപ്പമാണ് ഈ വരികൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശിഷ് വിദ്യാർത്ഥിയിൽ നിന്നും വിവാഹമോചനം നേടിയോ എന്ന ചോദ്യവുമായി കമന്റിൽ വരുന്നത്. ഒന്നിനോടും രാജോഷി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്ദി സീരിയൽ രംഗത്ത് സജീവമായ നടിയാണ് രാജേഷി ബെറുവ. ആശിഷ് വിദ്യാർത്ഥി ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൻറെ അമരക്കാരിൽ ഒരാളുമാണ് രാജേഷി. ഏകദേശം 23 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഇവർ വേർപിരിഞ്ഞത്. ഇരുവർക്കും ഒരു മകൻ ഉണ്ട്. അമേരിക്കയിൽ പഠിക്കുകയാണ് മകൻ ഇപ്പോൾ.
അതേസമയം ആദ്യ ഭാര്യയിൽ നിന്നും വളരെ വർഷങ്ങൾക്കു മുൻപ് വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായതെന്നും രണ്ടാം വിവാഹത്തിന് മകൻറെ അനുവാദം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. 11 ഇൽ അധികം ഇന്ത്യൻ ഭാഷകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി. മലയാളത്തിൽ സിഐഡി മൂസ, ചെസ്സ്, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ സിഐഡി മൂസയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.