മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. വിവാദങ്ങളിലൂടെ നിരന്തരം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടൻ കൂടിയാണ് ഷൈൻ. പൊതു ഇടങ്ങളിലെ നടൻറെ പെരുമാറ്റ രീതി ഒക്കെ പലപ്പോഴും ചർച്ചാവിഷയം ആകാറുണ്ട്. അടുത്തിടെ വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിൽ കയറാൻ ശ്രമിച്ചതിന് ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഷൈനിനെ തടഞ്ഞുവെച്ച സംഭവം വലിയ വാർത്തയാവുകയുണ്ടായി. സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം മൂലം ഷൈനിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും തടഞ്ഞു വെക്കുകയും ആയിരുന്നു. സംഭവത്തിന് പിന്നാലെ ഷൈന് എതിരെ വ്യാപക ട്രോളുകളും വിമർശനവും ഉയർന്നു.
സ്വതസിദ്ധമായ ശൈലിയിലായിരുന്നു പിന്നീട് അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷൈനിന്റെ പ്രതികരണം. വിമാനം യഥാർത്ഥത്തിൽ പറക്കുന്നുണ്ടോ എന്ന് നോക്കാനാണ് കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചത്. ഇത് പൊന്തിക്കുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ല. കാശു കൊടുക്കുന്നവർ ആകുമ്പോൾ ഇതൊക്കെ നോക്കണ്ടേ എന്നൊക്കെയാണ് ഷൈൻ പറഞ്ഞത്. ഇപ്പോൾ ഇതാ വിമാനത്തിൽ സംഭവിച്ചത് എന്താണെന്നതിനു മറ്റൊരു വിശദീകരണം നൽകി എത്തിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡി എന്ന പരിപാടിയിൽ പങ്കെടുക്കവേ അവതാരകയായ മീര നന്ദന്റെ ചോദ്യത്തിന് മറുപടിയായാണ് ഷൈനിന്റെ പ്രതികരണം.
ഷൈനിന്റെ ദുബായ് യാത്ര വളരെ പ്രശസ്തമാണല്ലോ എന്താണ് വിമാനത്തിൽ സംഭവിച്ചത് എന്നായിരുന്നു മീരയുടെ ചോദ്യം. ഒരു കോഫി ചോദിച്ച് കയറിയതാണ് എന്നാണ് ഷൈൻ പറയുന്നത്. ഫ്ലൈറ്റിൽ ആകെ കൂടി ബാത്റൂം ഇരിക്കാനുള്ള സ്ഥലം പിന്നെ കോക്ക്പിറ്റിൻ്റെ സ്ഥലം ഇങ്ങനെ മൂന്നു സ്ഥലങ്ങളെ ഉള്ളൂ. ഇതിൻറെ വാതിലൊക്കെ ഏകദേശം ഒരേ പോലെ ഇരിക്കും. ഞാൻ ഒരു കോഫി ചോദിച്ചു ചെന്നതാണ്. അവിടെ ചെന്നപ്പോൾ കോഫി മെഷീൻ ഒന്നുമില്ല. അപ്പോൾ ഞാൻ ഒരു ഡോർ തുറന്നു കോഫി ഉണ്ടോ എന്ന് ചോദിച്ചു. യു മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല. അതുകൊണ്ടാണ് അകത്തു കയറി ചോദിക്കാം എന്ന് കരുതിയത് എന്ന് ഞാൻ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്ന് ചോദിച്ചു. ഇതാണ് സംഭവിച്ചത് എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു.
കുക്ക് വിത്ത് കോമഡിയിൽ അതിഥിയായി എത്തിയതാണ് ഷൈൻ ടോം ചാക്കോ. മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ പങ്കെടുക്കുന്ന ഷോ ആണിത്. നടൻ ധ്യാൻ ശ്രീനിവാസനും നടി ആനിയുമാണ് ഷോയിലെ വിധികർത്താക്കൾ. അതിഥി ആയി അല്ലാതെ ധ്യാൻ ആദ്യമായി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയാണിത്. അതേസമയം വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് ഷൈൻ ടോമിന്റെതായി അവസാനം തിയറ്ററുകൾ എത്തിയ ചിത്രം.
സുരേഷ് ബാബു രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മമ്ത മോഹൻദാസ്, സൗബിൻ, പ്രിയ വാര്യർ, കൃഷ്ണപ്രഭ, അക്ഷിത, രശ്മി സോമൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ ഒരു മാധ്യമപ്രവർത്തകന്റെ വേഷമാണ് ഷൈനിന്. അയ്യർ കണ്ട ദുബായ്, ആറാം തിരുകല്പന എന്നീ മലയാള സിനിമകളും രംഗ ബലി, ദേവര എന്നിങ്ങനെ രണ്ട് തെലുങ്ക് ചിത്രങ്ങളും ഷൈനിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാനി നായകനായ ദസറ എന്ന ചിത്രത്തിലൂടെ ഈ വർഷമാണ് ഷൈൻ തെലുങ്കിൽ അരങ്ങേറ്റം നടത്തിയത്. മലയാളത്തിന് പുറമേ തെന്നിന്ത്യൻ സിനിമകളെല്ലാം സജീവമാക്കാൻ ഉള്ള ഒരുക്കത്തിലാണ് ഷൈൻ.