നിരവധി വർഷങ്ങളായി തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് ആർ മാധവൻ.വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ കഥ പറഞ്ഞ ‘റോക്കട്രി ദി നമ്പി ഇഫക്ട്’ ആണ് അദ്ദേഹത്തിൻറെ അവസാനം റിലീസിനെത്തി മികച്ച വിജയം നേടിയ ചിത്രം.ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ബയോപിക്കുമായി രംഗത്ത് വന്നിരിക്കുകയാണ് ആർ മാധവൻ.ഇത്തവണ ഇന്ത്യയുടെ സാങ്കേതിക മേഖലകൾക്ക് വലിയ രീതിയിൽ സംഭാവന നൽകിയ ഒരു വലിയ വ്യക്തിത്വത്തെയാണ് മാധവൻ സ്ക്രീനിൽ എത്തിക്കുന്നത്.ചിത്രത്തിൻറെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.
ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദുരൈസ്വാമി നായിഡു എന്ന ജി.ഡി നായിഡുവിനെ,അദ്ദേഹത്തിൻറെ സംഭാവനകളെ, ജീവിതത്തെ ഒക്കെ വിശദമായി പറയുന്ന രീതിയിലായിരിക്കും ചിത്രം ഒരുങ്ങുക എന്നാണ് വിവരം.ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർ നിർമിച്ച എഞ്ചിനീയറാണ് ജി.ഡി നായിഡു. ഇന്ത്യയുടെ എഡിസൺ എന്നും വെൽത്ത് ക്രിയേറ്റർ ഓഫ് കോയമ്പത്തൂർ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയുടെ മെക്കാനിക്കൽ,ഇലക്ട്രിക്കൽ,കാർഷിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.നവാഗതനായ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിൻറെ സംവിധായകൻ.
മീഡിയാവൺ ഗ്ലോബൽ എന്റർടെയിൻമെന്റ് ലിമിറ്റഡ്,വർഗീസ് മൂലൻസ് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ മലയാളികളായ വർഗീസ് മൂലനും മകൻ വിജയ് മൂലനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.’ജി.ഡി നായിഡു എന്ന് പേരിട്ടിരിക്കുന്ന ഞങ്ങളുടെ പുതിയ ചിത്രം അതും വീണ്ടും ആർ മാധവന് ഒപ്പം ആരംഭിക്കുന്നു.ഇതിന് നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വർഗീസ് മൂലൻ പിക്ചേഴ്സ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.കൂടാതെ ഇന്ത്യൻ സിനിമയിലെ ഇതിഹാസ നിർമ്മാതാക്കളിൽ ഒരാളായ ഡോ:മുരളി മനോഹർ സാറുമായി ഒന്നിക്കുന്നു എന്നതാണ് ഈ പ്രോജക്റ്റിന്റെ ഏറ്റവും വലിയ സവിശേഷത എന്നും ഡോ:വർഗീസ് മൂലൻ ഈ പോസ്റ്റിൽ പറയുന്നു.
ഇന്ത്യൻ ബഹിരാകാശ മേഖലയിലെ വിവാദനായകനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ആർ മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമായിരുന്നു റോക്കട്രീ.ഈ ചിത്രം നിർമ്മിച്ചതും വർഗീസ് മൂലൻസ് പിക്ചേഴ്സിന്റെ ബാനറിൽ ഡോ:വർഗീസ് മൂലൻ ആയിരുന്നു.ചിത്രം കഴിഞ്ഞ വർഷത്തെ ഓസ്കാർ കണ്ടൻഷൻ ലിസ്റ്റിൽ ഇടം നേടിയിരുന്നു.ചിത്രം നമ്പി നാരായണൻ എന്ന പ്രതിഭയുടെ,രാജ്യം അദ്ദേഹത്തെ തെറ്റിദ്ധരിച്ചതിന്റെ കഥയാണ് പ്രേക്ഷകർക്കും മുന്നിൽ പറഞ്ഞത്.റോക്കട്രി എന്ന ചിത്രത്തിൻറെ ലാഭത്തിൽ നിന്നും ഒരു ഭാഗം 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം നേരത്തെ ചിത്രത്തിൻറെ വിജയാഘോഷ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു.