ബിഗ് ബോസ് അഞ്ചാം സീസണിൽ ആദ്യ ദിവസങ്ങളിൽ തന്നെ വാശിയേറിയ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ എപ്പിസോഡിൽ തന്നെ വഴക്ക് ബഹളം തുടങ്ങിയവയെല്ലാം ബിഗ് ബോസിൽ സംഭവിച്ചു. മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും തുടക്കത്തിലെ വീറും വാശിയും കാണിക്കുന്നവരാണെന്ന് പ്രേക്ഷകർ പറയുന്നു. അഖിൽ മാരാർ, മനീഷ, വൈബർ ദേവു, വിഷ്ണു, മിഥുൻ, റിനീഷ, ഗോപിക തുടങ്ങിയവയെല്ലാം തുടക്കത്തിലെ മികച്ച മത്സരം കാഴ്ചവെച്ചു. ശാരീരികമായ വഴക്കിലേക്ക് വരെ പോകാവുന്ന ടാസ്ക് ആണ് ഇപ്പോൾ മത്സരാർത്ഥികൾക്ക് കൊടുത്തിരിക്കുന്നത്. നോമിനേഷനിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഈ ടാസ്കിൽ കഴിവിന്റെ പരമാവധി എല്ലാവരും ശ്രമിക്കുന്നുണ്ട്.
മത്സരാർത്ഥികളിൽ ഭൂരിഭാഗം പേരും നേരിട്ട് പരിചയമില്ലാത്തവരാണ്. എന്നാൽ ചിലർക്ക് നേരത്തെ തന്നെ അടുത്തറിയാം. മനീഷ കെ എസ്, സാഗർ സൂര്യ എന്നിവർ കുറച്ചു വർഷങ്ങളായി അടുത്തറിയുന്നവരാണ്. തട്ടീം മുട്ടീം എന്ന സീരിയലിൽ അമ്മയും മകനുമായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. ബിഗ്ബോസിൽ എത്തിയ ശേഷം ഇരുവരും ഒരുമിച്ച് നിൽക്കുമോ എന്ന് പ്രേക്ഷകർ നോക്കിയിരുന്നു. എന്നാൽ ബിഗ് ബോസ് ഷോയെ മനസ്സിലാക്കിയാണ് ഇരുവരും വീടിനുള്ളിൽ പെരുമാറുന്നത്. മുൻ പരിചയം വെച്ച് വീട്ടിൽ ഗ്രൂപ്പ് തിരിയാൻ ഒന്നും രണ്ടുപേരും നിന്നില്ല. തങ്ങളുടെ രീതിയിൽ രണ്ടുപേരും വീട്ടിൽ മുന്നേറുന്നു. കഴിഞ്ഞദിവസം തങ്ങൾക്ക് വീട്ടിൽ ആരെയാണ് കൂടുതൽ മനസ്സിലായെന്ന് പറയാൻ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ടാസ്ക് നൽകിയിരുന്നു.
മനീഷ സാഗറിന്റെ പേര് പറയും എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ ജുനൈസിനെയാണ് തനിക്ക് കൂടുതൽ മനസ്സിലാക്കാൻ പറ്റിയത് എന്നാണ് മനീഷ വ്യക്തമാക്കിയത്. കുറച്ചു വർഷങ്ങൾ ഒരുമിച്ച് സീരിയൽ ചെയ്തിട്ടും സാഗറിനെ മനസ്സിലായില്ലേ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ഇപ്പോൾ ഇതാ സാഗറിനെ പറ്റി മനീഷ വീട്ടിലെ മറ്റ് അംഗങ്ങളോട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. സാഗറിന്റെ അമ്മ രണ്ടുവർഷം മുമ്പ് മരണപ്പെട്ടതാണ്. ഇതേക്കുറിച്ച് ആണ് മനീഷ സംസാരിച്ചത്. “അവന്റെ അമ്മയ്ക്ക് എന്റെ പ്രായമാണ്. തട്ടീം മുട്ടീം പരമ്പരയിൽ ഞാനും അവനും അമ്മയും മകനും ആണല്ലോ. എന്നെ കണ്ടാൽ അന്നുമുതൽ ഈ നിമിഷം വരെ അവൻ എന്നെ അമ്മയെന്നാണ് വിളിച്ചത്.
മരിച്ച ദിവസം അന്ന് വെളുപ്പിന് മൂന്നുമണിയായപ്പോൾ അവന്റെ കോൾ വന്നു. എന്തോ പ്രശ്നം അവനുണ്ടെന്ന് തോന്നി. ഫോണിൽ അവൻ അമ്മേ എന്ന് വിളിച്ചു. ഞാൻ ഭയങ്കര ഇമോഷണൽ ആണ്. എനിക്ക് അങ്ങ് വല്ലാതെയായി. അമ്മ എന്ന് വിളിക്കാനുള്ള ആളില്ലെന്ന് ബോധം ഉള്ളിൽ കിടക്കുമ്പോൾ അമ്മയെന്നു വിളിച്ചാൽ മതിയെന്ന് തോന്നി ഒരാളോട്. എന്താ മോനെ എന്ന് ചോദിച്ചു ഞാൻ. എനിക്ക് അമ്മ എന്ന് വിളിക്കാൻ തോന്നി അതുകൊണ്ട് വിളിച്ചതാണെന്ന് പറഞ്ഞു. സ്ത്രീകൾ എല്ലാം കൂടിയിരുന്നു സംസാരിക്കുകയാണ് മനീഷ ഇതേപറ്റി സംസാരിച്ചത്.
ഇതേക്കുറിച്ച് പ്രേക്ഷകരിൽ നിരവധി പേർ കമൻറ് ചെയ്തു. ഇത്രയും സ്നേഹത്തിലുള്ളവർ ഇനി ബിഗ് ബോസിൽ അടിച്ചു പിരിയുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. വരും ദിവസങ്ങളിലെ ഗെയിമുകളിൽ രണ്ടുപേരും വഴക്കിടാൻ ഉള്ള സാഹചര്യം ഉണ്ടാകും. അത്തരത്തിലുള്ള ടാസ്കുകളാണ് തുടക്കം മുതലേ ബിഗ് ബോസിൽ ഉള്ളത്. അതേസമയം സെൻറിമെന്റുകൾക്ക് അപ്പുറത്ത് ഇത്തവണ മിക്ക മത്സരാർത്ഥികളും ഗെയിമിനെ അതേ മത്സരബുദ്ധിയോടെ എടുക്കുന്നവരാണ് എന്ന് പൊതുവേ അഭിപ്രായം ഉണ്ട്.