കുടുംബ പ്രേക്ഷകരുടെ പൾസറിഞ്ഞ സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ജയറാം എന്ന നടൻ മലയാളത്തിലെ മുൻനിരനായകന്മാരിൽ ഒരാളായി മാറുന്നതിൽ പ്രധാന പങ്കു വഹിച്ചതും രാജസേനനാണ്. ജയറാമിന്റെ കരിയറിൽ വലിയ ഹിറ്റായ സിനിമകളിൽ പലതും പിറന്നത് രാജസേനന്റെ സംവിധാനത്തിലാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. 1991 പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിലൂടെയാണ് ജയറാമും രാജസേനനും ആദ്യമായി ഒന്നിക്കുന്നത്. ജയറാം കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു അന്ന്. രാജസേനൻ ആകട്ടെ നിലയിറപ്പിക്കാൻ ഉള്ള ശ്രമത്തിലും. ആദ്യസിനിമ തന്നെ സൂപ്പർ ഹിറ്റ് ആയതോടെ കൂടുതൽ സിനിമകൾ ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങി.
16 സിനിമകളാണ് ജയറാം രാജസേനൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. ഇതിൽ പകുതിയിലേറെയും സൂപ്പർഹിറ്റുകളുമായി. 2006ൽ പുറത്തിറങ്ങിയ മധു ചന്ദ്രലേഖ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. അതിനുശേഷം അത്ര നല്ല സ്വര ചേർച്ചയിൽ അല്ല ജയറാമും രാജസേനനും. എന്നാൽ അതിൻറെ കാരണം വ്യക്തമല്ല എന്നാണ് രാജസേനൻ പറയുന്നത്. പിണങ്ങിയത് കൊണ്ട് രണ്ടുപേർക്കും നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ എന്നും രാജസേനൻ പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജസേനൻ. ഇനി ജയറാമിനൊപ്പം ഒരു സിനിമ ഉണ്ടാകില്ലെന്ന് രാജസേനൻ പറയുന്നു. ജയറാമുമായി ചേർന്ന് 16 സിനിമകൾ ചെയ്തിട്ടുണ്ട്. അതിനിടയിൽ ചില ഗ്യാപ്പുകൾ വന്നിട്ടുണ്ട്. ഇനി ഒന്നിച്ചുള്ള സിനിമകൾ ഉണ്ടാവും എന്ന് തോന്നുന്നില്ല.
പ്രശ്നങ്ങളില്ലാതെ പിണങ്ങിപ്പോയ ചിലരില്ലേ അതുപോലെയാണ് അത്. ഫോൺ വിളിച്ചാൽ എടുക്കില്ല കണ്ടാൽ മിണ്ടില്ല. പ്രശ്നങ്ങൾ ഒന്നുമില്ല ഏഴു വർഷത്തോളമായി കണ്ടിട്ടും വിളിച്ചിട്ടും. കണ്ടാൽ മിണ്ടാത്തവരുമായി എങ്ങനെ സിനിമ ചെയ്യാനാണ് എന്ന് രാജസേനൻ ചോദിക്കുന്നു. ഒരു സിനിമ ചെയ്യണമെങ്കിൽ സംവിധായകനും നായകനും ആയി നല്ലൊരു അടുപ്പം വേണം. ഒന്ന് പൊട്ടിത്തെറിച്ച് രണ്ട് മിനിറ്റ് മാറിയിരുന്ന ശേഷം നമുക്ക് തുടങ്ങാം എന്ന് പറയുന്ന സൗഹൃദം ആയിരിക്കണം. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നയാൾ സംവിധായകൻറെ കൂട്ടുകാരനെ പോലെ ആയിരിക്കണം. അല്ലാതെ ആന ഇടഞ്ഞുനിൽക്കുന്നത് പോലെ നിന്നാൽ ശരിയാവില്ല. ഇപ്പോൾ ബന്ധമില്ലാത്തതുകൊണ്ട് രണ്ടുപേർക്കും നഷ്ടങ്ങൾ ആണെന്ന് രാജസേനൻ പറഞ്ഞു.
കാരണങ്ങൾ ഒന്നുമില്ലാതെയുള്ള പിണക്കമാണ് എന്നും രാജസേനൻ പറഞ്ഞു. എന്തിനാണ് പിണങ്ങിയത് എന്ന് അറിഞ്ഞാൽ അതനുസരിച്ച് കോംപ്രമൈസ് ചെയ്യാൻ കഴിയു. കാരണങ്ങളൊന്നുമില്ല ചേർന്നിരുന്നവർ പരമാവധി അകലത്തിലേക്ക് പോവുകയായിരുന്നു. അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്നും രാജസേനൻ പറയുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് രാജസേനൻ. ജൂൺ 30ന് തീയേറ്ററുകളിൽ എത്തുന്ന ഞാനും പിന്നെ ഒരു ഞാനുമാണ് പുതിയ ചിത്രം. ഇന്ദ്രൻസ്, സുധീർ കരമന ,ജോയ് മാത്യു, മീരാ നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. അതേസമയം ഇടവേള എടുത്തു കഴിഞ്ഞ് ഏഴുവർഷം താൻ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നില്ല എന്ന് രാജസേനൻ പറഞ്ഞു. അലമാരനിറയെ സ്ക്രിപ്റ്റുകൾ ആണ്. പലതരത്തിലുള്ള സബ്ജക്ടുകൾ അതിലുണ്ട് തിരിച്ചുവരവിന് പറ്റിയ കഥ വന്നപ്പോൾ മടിച്ചു നിൽക്കാതെ അത് ചെയ്യുകയായിരുന്നു എന്നും രാജസേനൻ പറഞ്ഞു.