സാധാരണ പ്രായമായവരിലാണ് സന്ധിവേദനകൾ കൂടുതലായി കാണപ്പെടുക.എന്നാൽ മറ്റു പ്രായക്കാരിലും തണുപ്പുകാലത്ത് ഇത്തരം വേദനകൾ വന്നേക്കാം.എല്ലുകളുടെ തേയ്മാനവും ആരോഗ്യക്കുറവുമാണ് ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നത്.കാല്‍മുട്ട് വേദന,കൈമുട്ട് വേദന, നടുവേദന എന്നിവയൊക്കെ എല്ലുകളുടെ ആരോഗ്യം കുറയുന്നതിനാൽ ആണ് ഉണ്ടാകുന്നത്.കൃത്യമായ വ്യായാമത്തിന്റെ കുറവും ഇത്തരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം.
ഇത്തരം സന്ധിവേദനകൾ തണുപ്പുകാലത്ത് കൂടുതലായി നമ്മെ ബാധിച്ചേക്കാം.ചില കാര്യങ്ങൾ നാം ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം എല്ലുകളുടെ ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഒരു പരിധിവരെ ഒഴിവാക്കാൻ ആകും.കൃത്യമായ ഭക്ഷണശീലവും ആരോഗ്യകരമായ ഭക്ഷണവും പിന്തുടരുക എന്നത് ഇതിന് വളരെ ആവശ്യമാണ്.ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഫ്ളാക്സ് സീഡ്,സാല്‍മണ്‍ ഫിഷ്, വാള്‍നട്സ്,അവക്കാഡോ എന്നിവയും ഇലക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
നമ്മുടെ ശരീരത്തിൽ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി യുടെ ആവശ്യകത വളരെയധികം വലുതാണ്.എന്നാൽ തണുപ്പുകാലത്ത് വിറ്റാമിൻ ഡിയുടെ ലഭ്യത താരതമ്യേന കുറവായതിനാൽ അത് ഇത്തരം സന്ധിവേദനങ്ങൾക്ക് കാരണമായേക്കാം. ശരീരത്തിൽ നല്ല രീതിയിൽ കാൽസ്യം ഉണ്ടാവണമെങ്കിൽ വിറ്റാമിൻ വളരെ അത്യാവശ്യമാണ്.വിറ്റാമിൻ ഡിയുടെ അഭാവം കാൽസ്യത്തിന്റെ അളവ് കുറയ്ക്കുകയും അത് എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.മുട്ട,ചീര,മഷ്റൂം,പാല്, പാലുല്‍പ്പന്നങ്ങള്‍,തൈര് എന്നെ വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
എല്ലായിപ്പോഴും നന്നായി വെള്ളം കുടിക്കേണ്ടത് നമ്മുടെ ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്.എന്നാൽ തണുപ്പുകാലത്ത് പലരും വെള്ളം കുടിക്കുന്നത് വളരെ കുറവാണ്.എന്നാൽ ഇത് ശരീരത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. അതിനാൽ ദിവസവും നല്ല രീതിയിൽ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.തണുപ്പിനെ അകറ്റിനിർത്തുന്ന രീതിയിലുള്ള നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും സന്ധിവേദനയെ ചെറുക്കാൻ സഹായിക്കുന്നു.തണുപ്പുകാലത്ത് നല്ല രീതിയിൽ വ്യായാമം ചെയ്യുന്നതും ശരീര താപനില നിലനിർത്തേണ്ടതും വളരെ അത്യാവശ്യമാണ്.