മലയാള സിനിമയിൽ അടുത്തകാലത്തായി ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരികയാണ് എന്ന് നിർമ്മാതാക്കളുടെ സംഘടന തന്നെ തുറന്നു പറഞ്ഞത് അടുത്ത കാലത്താണ്. അതോടൊപ്പം ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിവരോട് നിർമാതാക്കൾ നിസ്സഹകരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മലയാള സിനിമയെ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരാനും കാരണമായി. ഇപ്പോൾ ഇതാ മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് പോലീസിൻ്റേയും സംഘടനയായ അമ്മയുടെയും കയ്യിലുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ലഹരി കാരിയർ മാരിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിക്കുന്നത് എന്നും താരം പറയുന്നു.
ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. സിനിമ രംഗത്ത് മാത്രമല്ല എവിടെയും ഇപ്പോൾ ലഹരി നിറയുകയാണെന്ന് ബാബുരാജ് പറഞ്ഞു. സിനിമ സംഘടനകളുടെയും പോലീസിൻ്റേയും കയ്യിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ മുഴുവൻ ലിസ്റ്റും ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവർ അത് ആർക്കുവേണ്ടിയാണ് കൊണ്ടുപോകുന്നത് എന്ന് കൃത്യമായി പോലീസിനോട് പറയും. അമ്മയുടെ ഓഫീസിൽ ലിസ്റ്റ് ഉണ്ട്. ഞങ്ങൾക്കത് കൃത്യമായി അയച്ചു തരുന്നുണ്ടെന്നും ബാബുരാജ് പറയുന്നു. പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്യുമ്പോൾ ആർക്കുവേണ്ടിയാണ് ഇത് കൊണ്ടുപോകുന്നത് എന്ന് പറയുന്നുണ്ട്. ഒരിക്കൽ ഇങ്ങനെ പിടിക്കപ്പെട്ടയാൾ മൊഴി കൊടുത്തിട്ട് ഒരു ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻ പിന്തുടർന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പിറകെയാണ്.
അന്ന് വണ്ടി നിർത്തി തുറന്നു പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ ഇൻഡസ്ട്രി അന്നുതീരും. അതൊക്കെ നഗ്നമായ സത്യങ്ങളാണ്. ആ ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായല്ലോ എന്ന് കരുതിയിട്ടാവാം അതെല്ലാം അവിടെ വെച്ച് നിന്നത്. പണ്ടൊക്കെ കുറച്ചു രഹസ്യമായാണ് ഇതൊക്കെ ചെയ്തുകൊണ്ടിരുന്നത്. ഒരു മറയുണ്ടായിരുന്നു ഇപ്പോൾ ആ മറ മാറി. പരസ്യമായി ചെയ്യാൻ തുടങ്ങി. ഈ സിസ്റ്റം മാറണം. അല്ലാത്തതുകൊണ്ടാണ് അമ്മയിൽ ഞങ്ങൾക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്. ആരൊക്കെ ലഹരി മരുന്ന് ഉപയോഗിക്കുന്നു എന്നതിൻറെ മുഴുവൻ ലിസ്റ്റും അമ്മയിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുമ്പോൾ പ്രശ്നമില്ല. ജോലിസ്ഥലത്ത് ഉപയോഗിക്കുമ്പോൾ ആണ് പ്രശ്നം. ജോലി കഴിഞ്ഞു പോയി ഇഷ്ടം പോലെ ചെയ്യൂ. ജോലിക്ക് വിളിക്കുമ്പോൾ ഫോൺ എടുക്കു. ഇതാണ് നിർമാതാക്കൾ പറയുന്നത് എന്ന് ബാബുരാജ് വ്യക്തമാക്കി.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഏഴുമണിക്ക് ഷൂട്ടിന് വരണം എന്ന് പറയും. അവർ വരും. നേരേ പോകുന്നത് ക്യാരവാനിലേക്ക് ആയിരിക്കും. വരുമ്പോൾ കുളിച്ചിട്ട് പോലും ഉണ്ടാകില്ല. എല്ലാം കാരവാൻ അകത്തായിരിക്കും. എന്നിട്ട് ഷൂട്ടിങ്ങിന് എത്തുന്നത് 10:00 മണിക്കായിരിക്കും. ഇവിടെയാണ് ഓൾഡ് ജനറേഷനും ന്യൂജനറേഷനും തമ്മിലുള്ള വ്യത്യാസം എന്നും ബാബുരാജ് പറയുന്നുണ്ട്. നിർമ്മാതാക്കളും അഭിനേതാക്കളും പ്രൊഡക്ഷൻ കൺട്രോൾമാരുമെല്ലാം നിലവിലെ വിവാദങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. സെറ്റിൽ പ്രശ്നമുണ്ടാക്കി നിർമ്മാതാക്കളെയും സംവിധായകരെയും ബുദ്ധിമുട്ടിക്കുന്ന രീതി അംഗീകരിക്കാൻ പറ്റില്ല എന്നാണ് നടൻ ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞദിവസം പറഞ്ഞത്. നിർമ്മാതാക്കളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവതലമുറയിലെ നടന്മാർക്ക് പ്രായത്തിന്റേതായ പ്രശ്നങ്ങൾ ഉണ്ടാവാമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. എന്നാൽ ഷെയിൻ നിഗത്തെ മാത്രം ലക്ഷ്യം വയ്ക്കേണ്ട കാര്യമില്ല എന്നും മറ്റ് നടന്മാർ കാരണം തനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഈ പരാതികൾ ഒതുക്കി തീർക്കുകയാണ് ഉണ്ടായത് എന്നും സാന്ദ്ര തോമസ് വെട്ടി തുറന്ന് പറഞ്ഞിരുന്നു. ആർ ഡി എക്സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഷെയിൻ നിഗത്തിന് വിനയായത്. ശ്രീനാഥ് ഭാസിക്ക് എതിരെയും ഒന്നിലേറെ തവണ ആരോപണങ്ങൾ വന്നിട്ടുണ്ട്. നേരത്തെ അഭിമുഖത്തിൽ അവതാരകയോട് മോശമായി സംസാരിച്ചതായിരുന്നു ശ്രീനാഥ് ഭാസി വിവാദത്തിൽ അകപ്പെട്ട സംഭവം. അവതാരകയോട് അസഭ്യം പറഞ്ഞ ശ്രീനാഥ് ഭാസിക്ക് എതിരെ പരാതിയും വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രൊഡക്ഷൻ കൺട്രോളർമാരും ശ്രീനാഥ് ഭാസിക്ക് എതിരെ രംഗത്തുവന്നിരുന്നു.