തെന്നിന്ത്യൻ സിനിമ ലോകത്തെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമിന്റെ മകൻ കാളിദാസ്.ഒരു പിടി ചിത്രങ്ങളിലൂടെ തന്നെ കാളിദാസ് തൻറെ കഴിവ് സിനിമാലോകത്ത് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.നച്ചത്തിരം നകർകിറത്, കമൽഹാസൻ ചിത്രം വിക്രം എന്നിവയാണ് കാളിദാസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.ഇപ്പോഴിതാ വിക്രത്തിനു പിന്നാലെ മറ്റൊരു കമൽഹാസൻ ബിഗ്ബജറ്റ് ചിത്രത്തിൽ ജോയിൻ ചെയ്തതിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് കാളിദാസ് ജയറാം ഇപ്പോൾ തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.തെന്നിന്ത്യയിലെ ഹിറ്റ് മേക്കർ സംവിധായകൻ ഷങ്കറിൻറെ ഇന്ത്യൻ 2 വിൻറെ തായ്വാൻ ലൊക്കേഷനിലാണ് കാളിദാസ് ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത്.
ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഷങ്കറിന് ഒപ്പമുള്ള ചിത്രവും കാളിദാസ് തൻറെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.മുൻപ് മീൻ കുഴമ്പും മൺപാനയും,വിക്രം തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച കാളിദാസിന്റെ കമൽഹാസനോപ്പമുള്ള മൂന്നാമത് ചിത്രമാണ് ഇന്ത്യൻ2.കോവിഡ് മഹാമാരി മൂലവും,കൂടാതെ സെറ്റിൽ വച്ചുണ്ടായ ഗുരുതരമായ അപകടവും തുടർന്ന് മൂന്നുപേർ മരിച്ചത് മൂലവും ചിത്രത്തിൻറെ ഷൂട്ടിംഗ് എറെനാളായി നിർത്തിവച്ചിരുന്നു. നടൻ വിവേക് അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻറെ സീനുകളിൽ ചില മാറ്റങ്ങളും ചിത്രത്തിൽ വരുത്തിയിരുന്നു.ഏകദേശം 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 വിൻറെ സംഗീത സംവിധായകൻ അനിരുദ്ധാണ്.
1996ൽ ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വൻ വിജയമായ ചിത്രമാണ് ഇന്ത്യൻ.ചിത്രത്തിൽ സമൂഹത്തിലെ അഴിമതിക്കും കൈക്കൂലിക്കും എല്ലാം എതിരെ പ്രതികരിക്കുന്ന സേനാപതി എന്ന വൃദ്ധ കഥാപാത്രമായും അദ്ദേഹത്തിൻറെ മകൻ കഥാപാത്രമായും ഡബിൾ റോളിൽ ആയിരുന്നു കമലഹാസൻ തകർത്താടിയത്.ആദ്യഭാഗം റിലീസ് ചെയ്ത് ഏതാണ്ട് 22 വർഷങ്ങൾക്ക് ശേഷം എത്തുന്ന രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ വളരെയധികം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.കമൽഹാസൻ,കാളിദാസ് എന്നിവരെ കൂടാതെ,രാകുൽ പ്രീത് സിംഗ്,പ്രിയ ഭവാനി ശങ്കർ,കാജൽ അഗർവാൾ,ഗുൽഷൻ ഗ്രോവർ,സിദ്ധാർത്ഥ്,ബോബി സിംഹ,സമുദ്രക്കനി, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ലൈക്ക പ്രൊഡക്ഷൻസിന്റെയും,റെഡ് ജയൻറ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ രവിവർമ്മനും എഡിറ്റിംഗ് പ്രസാദുമാണ് നിർവഹിക്കുന്നത്.ദക്ഷിണേന്ത്യന്‍ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയ ആദ്യ ഭാഗത്തിൽ സുകന്യ,കസ്തൂരി,മനീഷ കൊയ്രാള, ഊര്‍മിള മധോത്കര്‍,നെടുമുടി വേണു എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.ചിത്രത്തിൻറെ ആദ്യഭാഗത്തിൽ എ.ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ സൂപ്പർ ഹിറ്റ് ആയിരുന്നു.ഹോളിവുഡ് ആക്ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്,അനില്‍ അരസ് എന്നിവർ ചേർന്നാണ് രണ്ടാം ഭാഗത്തിലെ സൂപ്പർ ഫൈറ്റ് സീനുകൾ ഒരുക്കുന്നത്.ചിത്രത്തിൻറെ റിലീസിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.