ബോളിവുഡിൽ വാർത്തകളിലൂടെയും തൻറെ ചിത്രങ്ങളിലൂടെയും എന്നും തിളങ്ങി നിൽക്കുന്ന താരമാണ് കങ്കണ റണാവത്ത്.ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ എമർജൻസിയുടെ ചില രംഗങ്ങൾ ചിത്രീകരിക്കാൻ പാർലമെന്റ് വിട്ടു തരണമെന്ന ആവശ്യവുമായി ലോകസഭാ സെക്രട്ടറിയേറ്റിന് കത്ത് നൽകിയിരിക്കുകയാണ് താരം.ചിത്രത്തിൽ ഇന്ദിരാഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്.ഇന്ത്യയിലെ 1975ലെ എമർജൻസി കാലഘട്ടത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്.
കങ്കണ തന്നെയാണ് എമർജൻസിയുടെ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളായ ഇന്ദിരാഗാന്ധിയായി കങ്കണ നടത്തിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നടപടിക്രമം അനുസരിച്ച് അതീവ സുരക്ഷാ മേഖലയായ പാർലമെൻറ് ഇത്തരം സിനിമ ചിത്രീകരണത്തിന് വിട്ടു നൽകാറില്ല. ദൂരദർശൻ പോലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതിനുമുമ്പ് പാർലമെൻറിൽ അനുമതി നൽകിയിട്ടുള്ളത്.
സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പാർലമെൻറ് സാധാരണയായി ഇത്തരം ആവശ്യങ്ങൾക്ക് നൽകാറില്ല.കങ്കണ ലോകസഭാ സെക്രട്ടറിയേറ്റിന് നൽകിയ കത്ത് അവർ പരിശോധിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം മലയാളി താരം വിശാഖ് നായരാണ് ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായി വേഷമിടുന്നത്. കഴിഞ്ഞ ജൂണിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്.ചിത്രത്തിൽ കങ്കണയുടെ കഥയ്ക്ക് തിരക്കഥാ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.
മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേർന്നാണ് എമർജൻസിയുടെ നിർമ്മാണം നിർവഹിക്കുന്നത്.കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് എമർജൻസി.മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി ആയിരുന്നു കങ്കണ ആദ്യമായി സംവിധാനം നിർവഹിച്ചത്.ജീവി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്.ഛായാഗ്രഹണം ടെറ്റ്സുവോ നഗാത്ത,എഡിറ്റിംഗ് രാമേശ്വര്‍ എസ് ഭഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.