കേരള പോലീസിൽ സബ് ഇൻസ്പെക്ടർ നോട്ടിഫിക്കേഷൻ പുറത്തുവിട്ട് പി എസ് സി. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ,ആമ്ംഡ് പോലീസ് ബറ്റാലിയൻ സബ് ഇൻസ്പെക്ടർ എന്നിവയിലേക്കാണ് വിജ്ഞാപനം പുറത്തു വിട്ടിട്ടുള്ളത്.ഓപ്പൺ മാർക്കറ്റിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 21 മുതൽ 31 വയസ്സ് വരെയാണ്.കോൺസ്റ്റാബുലറി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 20 മുതൽ 36 വയസ്സ് വരെയാണ്.ഒബ്ജക്ടീവ് പരീക്ഷ, കായികക്ഷമതാ പരീക്ഷ,ഇന്റർവ്യൂ എന്നിവയ്ക്ക് ശേഷമാകും നിയമനം.
വനിതകൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.32,300 മുതൽ 68,700 രൂപ വരെയാണ് ശമ്പള സ്കെയിൽ.സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി ബിരുദമാണ്.പുരുഷൻമാർ:ഉയരം 165.10 സെ.മീ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 160.02 സെ.മീ). നെഞ്ചളവ് 81.28 സെ.മീ. 5.08 സെ.മീ വികാസം വേണം.വനിതകൾ:ഉയരം 160 സെ.മീ (പട്ടികജാതി/പട്ടികവർഗക്കാർക്ക് 155 സെ.മീ) എന്നിങ്ങനെയാണ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ശാരീരിക യോഗ്യതകൾ.
8 ഇനങ്ങളുള്ള കായിക ക്ഷമത പരീക്ഷയാണ് എക്സാമിനു ശേഷം ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.അതിൽ അഞ്ചെണ്ണമെങ്കിലും മറികടന്നാൽ മാത്രമേ യോഗ്യത നേടാനാകൂ.100 മീറ്റർ ഓട്ടം 14 സെക്കന്റ്,ഹൈ ജംപ് 132.20 സെ.മീ,ലോങ് ജംപ് 457.20 സെ.മീ,പുട്ടിങ് ദ് ഷോട്ട് (7264 ഗ്രാം) 609.60 സെ.മീ,ത്രോയിങ് ദ് ക്രിക്കറ്റ് ബോൾ 6096 സെ.മീ,റോപ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്) 365.80 സെ.മീ, പുൾ അപ്സ് അഥവാ ചിന്നിങ് 8 തവണ, 1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കന്റ് എന്നിവയാണ് പുരുഷന്മാരുടെ ശാരീരിക ക്ഷമത പരീക്ഷയുടെ ഇനങ്ങൾ.
100 മീറ്റർ ഓട്ടം 17 സെക്കന്റ്,ഹൈ ജംപ് 1.06 മീറ്റർ, ലോങ് ജംപ് 3.05 മീറ്റർ,പുട്ടിങ് ദ് ഷോട്ട് (4 കി.ഗ്രാം)4.88 മീറ്റർ,200 മീറ്റർ ഓട്ടം 36 സെക്കന്റ്, ത്രോയിങ് ദ് ത്രോ ബോൾ 14 മീറ്റർ,ഷട്ടിൽ റേസ് (25×4 മീറ്റർ) 26 സെക്കന്റ്,സ്കിപ്പിങ്(ഒരു മിനിറ്റ്) 80 തവണ എന്നിവയാണ് വനിതകളുടെ ശാരീരിക ക്ഷമത പരീക്ഷയുടെ ഇനങ്ങൾ.അടുത്തിടെ സിവിൽ പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനവും പി എസ് സി പുറത്തുവിട്ടിരുന്നു.നിരവധി ഉദ്യോഗാർത്ഥികളാണ് പി എസ് സി യുടെ പോലീസ് തസ്തിക വിജ്ഞാപനങ്ങൾക്കായി കാത്തിരിക്കാറുള്ളത്. ഫെബ്രുവരി മാസം ഒന്നാം തീയതി വരെയാണ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.