കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആയി ഏത് സമയവും സന്നദ്ധമായ സേവന വിഭാഗമാണ് കേരള പോലീസ്. പല രീതിയിലുള്ള തെറ്റായ കാര്യങ്ങളിൽ നിന്നും ജനങ്ങളെയും കൂടാതെ ചെറിയ കുട്ടികളെയും പിന്തിരിപ്പിക്കാൻ ആയി പലതരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ പോലീസിന്റെ കർമ്മ പദ്ധതികളിൽ ഉണ്ട്.ഇപ്പോഴിതാ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതും അതുപോലെതന്നെ കൂടുതൽ പ്രചാരമുള്ളതുമായ സോഷ്യൽ മീഡിയയെയാണ് ഇത്തരം ബോധവൽക്കരണങ്ങൾക്കായി കേരള പോലീസ് തെരഞ്ഞെടുക്കുന്നത്.
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ‘കെ പി ടോക്ക്സ് എന്ന പേരിൽ ഒരു പുതിയ ബോധവൽക്കരണ പരിപാടി ആരംഭിച്ചിരിക്കുകയാണ് കേരള പോലീസ് സോഷ്യൽ മീഡിയ വിഭാഗം.പലതരത്തിലുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പങ്കുവെച്ചും,കൂടാതെ നിയമ വിരുദ്ധ പ്രവർത്തികൾക്കെതിരെ നർമ്മത്തിൽ പൊതിഞ്ഞ ട്രോളുകളും പ്രേക്ഷകർക്ക് മറുപടികളുമായി സജീവമാണ് കേരള പോലീസ് സോഷ്യൽ മീഡിയ ടീം.തങ്ങളുടെ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കി കോവിഡ് കാലത്തും കേരള പോലീസ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
കേരള പോലീസ് സൈബർ ടീമിലെ വനിത പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ഈ പുതിയ വീഡിയോ ബോധവൽക്കരണ സീരീസിൽ നമുക്കെല്ലാവർക്കും പലപ്പോഴും അറിവില്ലാത്ത എന്നാൽ നാം തീർച്ചയായും അറിയേണ്ടതായ കാര്യങ്ങളെയും സേവനങ്ങളെയും വളരെ ലളിതമായ രീതിയിൽ ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്നു.കെ പി ടോക്ക്സിന്റെ പ്രചാരണത്തിൻറെ ഭാഗമായി പുറത്തിറക്കിയ പ്രമോയും ആദ്യ രണ്ട് വീഡിയോകളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പോലീസ് ഹെല്പ്പ്ലൈന് ചിരിയെക്കുറിച്ചുള്ളത് ആയിരുന്നു സീരീസിലെ ആദ്യ വീഡിയോ.
ആദ്യ വീഡിയോയിൽ മാനസിക സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും 9497900200 എന്ന നമ്പറിൽ വിളിച്ച് തങ്ങളുടെ പ്രശ്നങ്ങൾ പറയാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും സാധിക്കുന്നതാണ്. സ്ത്രീകളെയും പെൺകുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുന്നതിലേക്കായി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന സ്വയംപ്രതിരോധ പരിശീലന പരിപാടിയെക്കുറിച്ചാണ് രണ്ടാം ഭാഗം. ഈ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തി ഇത്തരം പരിശീലന പരിപാടികൾ പോലീസ് സംഘം അവതരിപ്പിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫേസ്ബുക്ക് പേജിലെ വീഡിയോ കാണാവുന്നതാണ്.