എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് നാരങ്ങ. ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ് നാരങ്ങ. വൈറ്റമിൻ സി കൊണ്ട് സമ്പന്നമായ നാരങ്ങ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. നാരങ്ങയിൽ സമ്പന്നമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ സിയുടെ ഗുണം കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൊളാജൻ മുടി വളർച്ചയ്ക്ക് വളരെയധികം സഹായപ്രദമാണ്. അതിനായി ചെയ്യാം ഇതെല്ലാം; രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീരിന്റെ കൂടെ ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും ചേർത്ത് തലയോട്ടിയിൽ പുരട്ടിയതിനുശേഷം ഏകദേശം 30 മിനിറ്റ് നിൽക്കുക. ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം.
കറ്റാർവാഴ മുടിക്ക് ഏറ്റവും നല്ല ഒന്നാണ്. കൂടെ നാരങ്ങാനീരും ചേരുമ്പോൾ മുടിക്ക് നല്ല ഗുണമാണ്. അതുപോലെതന്നെ മറ്റൊന്നാണ് നാരങ്ങാനീരും വെളിച്ചെണ്ണയും. ചെറുതായി ചൂടാക്കിയ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി കർപ്പൂര് എണ്ണയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് നന്നായി തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഏകദേശം 15 മിനിറ്റ് വെച്ചതിനുശേഷം കഴുകി കളയാവുന്നതാണ്. നാല് ടേബിൾ സ്പൂൺ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു നാരങ്ങയുടെ നീരും ഒരു കപ്പ് ചെറു ചൂടുവെള്ളവും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിൽ മാത്രമല്ല മുടിയിലും പുരട്ടി ഒരു മണിക്കൂർ റസ്റ്റ് ചെയ്തതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം.
നാരങ്ങാനീരും ഗ്രീൻ ടീയും മുടിക്ക് ഉത്തമമാണ്. ഗ്രീൻ ടീ ഉപയോഗിച്ച് നിർമ്മിച്ച ചായയിൽ മൈലാഞ്ചിപ്പൊടി ഒരു രാത്രി കുതിർത്ത് വയ്ക്കണം. ഈ മിശ്രിതം മുടിയിലേക്ക് തേക്കുന്നതിന് മുൻപ് അതിലേക്ക് ഒരു നാരങ്ങാനീരും കൂടി ചേർക്കണം. ഈ മിശ്രിതം മുടിയിൽ പുരട്ടിയതിനുശേഷം ഏകദേശം 40 മിനിറ്റ് റസ്റ്റ് ചെയ്യണം. ശേഷം മുടിയിൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. നാരങ്ങാനീരും ആവണക്കെണ്ണയും മുടിവളർച്ചയ്ക്കും നല്ല മുടി ലഭിക്കുന്നതിനും നല്ലതാണ്. ഒരു നാരങ്ങയുടെ നീരിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ഒരു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിലും ചേർത്ത് എടുക്കണം.
ഇത് തലയോട്ടിയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം നന്നായി മസാജ് ചെയ്യണം. ഒരു മണിക്കൂറിനു ശേഷം കഴുകി കളയണം. നാരങ്ങാനീരും ഉലുവയും മുടിക്ക് നല്ലതാണ്. വെള്ളത്തിലിട്ട് കുതിർത്ത ഉലുവയും മൈലാഞ്ചി ഇലകളും ചെമ്പരത്തി ഇലകളും നല്ല രീതിയിൽ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കണം. ആ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂൺ മോരും മൂന്നു ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർക്കണം.
ഈ മിശ്രിതം മുടിയിഴകളിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 30 മിനിറ്റ് കാത്തിരുന്നതിനു ശേഷം കഴുകി കളയണം. നാരങ്ങാനീരും വിനാഗിരിയും തലയോട്ടിക്ക് ഒരു മികച്ച എക്സ്ഫോളിയേറ്റർ ആണ്. ഒരു നാരങ്ങയുടെ നീരും തുല്യ അളവിൽ വിനാഗിരിയും മിക്സ് ചെയ്യണം. ഈ മിശ്രിതം തലയോട്ടിയിൽ കുറച്ചുനേരം മസാജ് ചെയ്യണം. 15 മിനിറ്റോളം കാത്തിരുന്നതിനു ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം.