നാമെല്ലാവരും പ്രായഭേദമന്യേ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്.ഇന്ന് മിണ്ടുന്നതും കാണുന്നതും എന്തിന് ബിസിനസ്,പണ വിനിമയ കാര്യങ്ങൾ പോലും വാട്സാപ്പിലൂടെ ആണ് നടക്കുന്നത്.അതുകൊണ്ടുതന്നെ മിക്ക കമ്പനികളും തങ്ങളുടെ സേവനങ്ങൾ വാട്സാപ്പിലൂടെയും ലഭ്യമാക്കാറുണ്ട്.ഇപ്പോൾ അത്തരത്തിൽ തങ്ങളുടെ സേവനങ്ങളും വാട്സാപ്പിലൂടെ ലഭ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് എൽഐസി.ഇത്തരം സേവനങ്ങളുടെ ഉപയോഗം കമ്പനിക്കും അതുപോലെതന്നെ കസ്റ്റമറിനും ഒരുപോലെ പ്രയോജനപ്രദമായ ഒന്നാണ്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമവും എളുപ്പവുമായ സേവനം ലഭ്യമാക്കുന്നതിനാണ് എൽഐസി പരമ്പരാഗത രീതിയിൽ നിന്നും മാറി ഇത്തരമൊരു സേവനം നടപ്പാക്കിയിരിക്കുന്നത്.പ്രീമിയം സ്റ്റേറ്റ്മെന്റ്,യുലിപ് പ്ലാൻ സ്റ്റേറ്റ്മെന്റ് തുടങ്ങിയ സേവനങ്ങളാണ് വാട്സാപ്പിലൂടെ ഇപ്പോൾ ഉപഭോക്താക്കൾക്ക് എൽഐസി ലഭ്യമാക്കുന്നത്.എന്നാൽ ഇതിനായി ഉപഭോക്താക്കൾ എൽഐസിയുടെ സൈറ്റിൽ തങ്ങളുടെ പോളിസി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.അത്തരത്തിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ഈ വാട്സ്ആപ്പ് സേവനം ലഭ്യമാകൂ.
അതിനുശേഷം ഈ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രക്രിയ വളരെ എളുപ്പമാണ്.8976862090 എന്ന എൽഐസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ ഫോണിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ആ നമ്പറിലേക്ക് ഒരു ഹായ് സന്ദേശം അയക്കുകയും ചെയ്യുക.തുടർന്ന് എൽഐസി വാട്സ്ആപ്പ് തങ്ങളുടെ 11 സേവനങ്ങളുടെ ഒരു ലിസ്റ്റ് ഉപഭോക്താക്കൾക്ക് അയയ്ക്കുകയും അതിൽ ഏതു സേവനമാണ് വേണ്ടതെന്ന് ഉപഭോക്താക്കൾ സെലക്ട് ചെയ്യുകയും ആണ് വേണ്ടത്.തുടർന്ന് ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുകയും ചെയ്യും.
ഓൺലൈൻ ആയും എൽഐസിയുടെ പോളിസി ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാൻ ആകും.www.licindia.in എന്നാൽ എൽഐസി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പോളിസി ഉപഭോക്താക്കൾക്ക് എടുക്കാനാകും.തുടർന്ന് കസ്റ്റമർ പോർട്ടലിൽ നിങ്ങൾ ഒരു പുതിയ ഉപഭോക്താവ് ആണെങ്കിൽ ആ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.തുടർന്ന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് അടിസ്ഥാന സേവനങ്ങൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പോളിസി രജിസ്റ്റർ ചെയ്യാവുന്നതാണ്.