അടുത്തകാലത്ത് മലയാള സിനിമ ലോകത്തിൽ വളരെയധികം ചർച്ചയായ ഒന്നായിരുന്നു മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൻറെ പ്രഖ്യാപനം.വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഈ പ്രഖ്യാപനത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ പ്രതീക്ഷ.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇപ്പോൾ രാജസ്ഥാനിൽ പൂർത്തിയായിരിക്കുന്നു എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.ജനുവരി 18 തുടങ്ങി നീണ്ട 77 ദിവസത്തിന് ശേഷമാണ് ഷെഡ്യൂൾ അവസാനിച്ചത്.
മെയ് മാസത്തിൽ ആരംഭിക്കുന്ന ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂളിന് ശേഷം ജൂൺ മാസത്തിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കി പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന് ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകൾ ഉണ്ടെന്നും ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂളിൽ വേറിട്ട ഗെറ്റപ്പിൽ ആയിരിക്കും താരം എത്തുക എന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.മറാഠി നടി സൊണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ,മണികണ്ഠന് ആചാരി,സുചിത്ര നായര്‍,മനോജ് മോസസ്,ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് എല്ലാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്കു പോലുമുണ്ട്.എന്നാൽ താടി വടിച്ച മോഹന്‍ലാലിന്റെ ഒരു ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരുന്നു.എന്നാൽ അത് ഒരു ആർട്ടിസ്റ്റ് തന്റെ ഭാവനയിൽ തയ്യാറാക്കിയ ഒരു ചിത്രമായിരുന്നു.ഈ ഗെറ്റപ്പിൽ ആണോ മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ എത്തുന്നത് എന്ന രീതിയിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.ഈ ചിത്രം തയ്യാറാക്കിയ സേതു ശിവാനന്ദൻ മലൈക്കോട്ടൈ വാലിബന് ടീമിനൊപ്പം പ്രവർത്തിക്കുന്ന ആർട്ടിസ്റ്റ് ആണെന്നത് ഇത്തരം ചർച്ചകൾക്ക് വിശ്വാസ്യത പകരുന്നു.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.നിരവധി വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനായ ലിജോയ്ക്കൊപ്പം മോഹൻലാൽ എത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം പ്രശാന്ത് പിള്ളയാണ്.