മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച മലയാളികളുടെ അഭിമാനമായ മഹാനടനാണ് മമ്മൂട്ടി.നിരവധി വർഷങ്ങളായി ഒരു മുതിർന്ന ജേഷ്ഠനായി അദ്ദേഹം മലയാള സിനിമയ്ക്കൊപ്പം മലയാളികളുടെ വീട്ടിൽ ഒരാളായി സഞ്ചരിക്കുന്നു. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും തന്റേതായ വീക്ഷണങ്ങൾ പങ്കുവെക്കുകയും അദ്ദേഹം ചെയ്യാറുണ്ട്.ഇപ്പോഴിതാ ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വൈദ്യസഹായ സംഘത്തെ അയച്ചിരിക്കുകയാണ് മെഗാസ്റ്റാർ.
പുക വളരെയധികം വ്യാപിച്ച പ്രദേശങ്ങളിലാണ് മമ്മൂട്ടിയുടെ നിർദ്ദേശാനുസരണം രാജഗിരി ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ സംഘം ഇന്ന് മുതൽ പര്യടനം നടത്തുക.മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ആയിട്ടാണ് മെഡിക്കൽ സംഘം പര്യടനം നടത്തുക.ചൊവ്വാഴ്ച വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്തും ബുധനാഴ്ച കുന്നത്ത്നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും ആണ് ഈ മെഡിക്കൽ സംഘം പര്യടനം നടത്തുക.
വിഷപ്പുക മൂലം വലയുന്ന ആസ്മാ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് വലിയൊരു ആശ്വാസമായിരിക്കും ഈ ചികിത്സാ സംഘത്തിൻറെ വരവ്.ലഭ്യമായ വായുവില്‍ നിന്ന് ഇവ വിഷവാതകങ്ങളെ പുറംതളളി ഏകദേശം 90-95 ശതമാനം ശുദ്ധമായ ഓക്സിജൻ നൽകാൻ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് സാധിക്കും.മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്നാഷണലിൻറെ നേതൃത്വത്തിലാണ് ഈ മെഡിക്കൽ സംഘം പര്യടനം നടത്തുക.പുകയിൽ നിന്ന് സംരക്ഷണം നൽകുന്ന ഉന്നത നിലവാരത്തിലുള്ള മാസ്കുകളും മെഡിക്കൽ സംഘം വിതരണം നടത്തും.
7736584286 എന്ന നമ്പറുമായി ബന്ധപ്പെട്ട മെഡിക്കൽ സംഘത്തിൻറെ കൂടുതൽ വിവരങ്ങളും യാത്രാപാതകളും ലഭ്യമാകുന്നതാണ്.ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രഹ്മപുരം പ്രദേശത്ത് പര്യടനം നടത്തുക.മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തെല്‍,ശ്വാസകോശ വിഭാഗത്തിലെ ഡോ.വി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ നിന്ന് പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.മമ്മൂട്ടി ചികിത്സ സഹായം അയക്കുന്നത് എന്ന വാർത്തയെ ഇരുകൈയും നീട്ടിയാണ് ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തത്.നിരവധി പ്രശംസകളാണ് സോഷ്യൽ മീഡിയകളിൽ താരത്തെ തേടി എത്തുന്നത്.ആശുപത്രിയിൽ പോകാതെ മടിച്ചിരിക്കുന്നവർക്കും ഈ വൈദ്യസഹായം ഏറെ സഹായകരമാകും.