ഇന്നത്തെ കാലത്ത് പല പ്രായത്തിലുള്ളതും പല വ്യത്യസ്തമായ ജീവിതക്രമം പിന്തുടരുന്ന വ്യക്തികളിലും കാണപ്പെടുന്ന ഒന്നാണ് ഹൃദയത്തിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.അടുത്തകാലത്ത് പ്രശസ്ത ബോളിവുഡ് നടി സുസ്മിത സെൻ തനിക്ക് ഹൃദയാഘാതം വന്നെന്നും ആൻജിയോ പ്ലാസ്റ്റി ചെയ്തെന്ന വാർത്തയും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ പുറത്തുവരുന്ന പല വാർത്തകളും ഹൃദയാഘാത മരണങ്ങളും ആളുകളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.ജീവശാസ്ത്രപരമായ പല ഘടകങ്ങളും പാരമ്പര്യഘടകങ്ങളുമെല്ലാം ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കാറുണ്ട്.
കൃത്യമായ രീതിയിലുള്ള വ്യായാമം,ഉറക്കം, ഭക്ഷണരീതികൾ എന്നിവ പിന്തുടരേണ്ടത് ഹൃദയാരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അത്തരത്തിൽ ഹൃദയത്തിൻറെ ആരോഗ്യത്തിനായി നാം പിന്തുടരേണ്ട ചില കാര്യങ്ങളാണ് ഇനി പരിശോധിക്കുന്നത്.നമുക്കെല്ലാവർക്കും വളരെ ഇഷ്ടമുള്ളതും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നുമാണ് സംഗീതം.ദിവസവും 30 മിനിറ്റ് എങ്കിലും ഇത്തരത്തിൽ സംഗീതം കേൾക്കുന്നത് ബിപി കുറയ്ക്കുകയും,സമ്മർദ്ദങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.ബിപി കുറയുന്നതു വഴി നെഞ്ചിടിപ്പ് കുറയുകയും ഒരുവിധത്തിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാവുകയും ചെയ്യുന്നു.
നാമെല്ലാവരും പല തരത്തിലുള്ള സമ്മർദ്ദങ്ങളിലൂടെയും ജീവിതപ്രശ്നങ്ങളിലൂടെയും കടന്നു പോകുന്നവരാണ്.അത്തരം സമയങ്ങളിൽ എല്ലാം നമ്മളിൽ ചിലരെങ്കിലും പ്രിയപ്പെട്ടവരുടെ ഒരു ആശ്വസിപ്പിക്കലിനോ കെട്ടിപ്പിടുത്തത്തിനോ ആഗ്രഹിക്കാറുണ്ട്.അവരുടെ സ്നേഹത്തോടെയുള്ള സ്പർശവും സാന്നിധ്യവും നമ്മെ വളരെയധികം ആശ്വസിപ്പിക്കുന്നു.ഇത്തരത്തിൽ സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ടെൻഷനും സമ്മർദങ്ങളും അനുഭവപ്പെടുത്തുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയുന്നു. ഇത്തരത്തിലുള്ള ഹോർമോൺ മാറ്റം സമ്മർദ്ദം മൂലം ഉണ്ടാകുന്ന അമിതമായ നെഞ്ചിടിപ്പിൽ നിന്ന് നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നു.
സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും മറ്റുള്ളവർക്ക് സഹായം നൽകുന്നത് പോലെയുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വളരെ നല്ലതാണ്ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ ഡിപി കുറയ്ക്കുന്നതിന് സഹായകരമാണ്.അമിതമായ ജോലിഭാരം ഉള്ള സാഹചര്യങ്ങളിൽ കുറച്ചു സമയമോ അല്ലെങ്കിൽ കുറച്ച് ദിവസങ്ങളോ അവധിയെടുത്ത് വിനോദകാര്യങ്ങളിൽ ചെലവഴിക്കേണ്ടത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ദിവസവും വ്യായാമങ്ങളിൽ ഏർപ്പെടുന്നതും ശരീരത്തിലെ രക്ത ഓട്ടം മികച്ച രീതിയിൽ ആക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.