രാജീവ് രവിയുടെ സംവിധാനത്തിൽ മലയാളത്തിലെ ശ്രദ്ധേയ യുവതാരം നിവിൻപോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം.ചിത്രത്തിൻറെ ഷൂട്ടിംഗ് ഏറെ നാളുകൾക്കു മുമ്പ് പൂർത്തിയായതാണെങ്കിലും ചില കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് വൈകുകയായിരുന്നു.മൂന്ന് തവണ ചിത്രത്തിൻറെ റിലീസ് തങ്ങൾ മാറ്റിവെച്ചെന്നും അതിനു പിന്നിൽ നിർമ്മാതാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നും അടുത്തിടെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ നിവിൻപോളി പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള എല്ലാവിധ പ്രതിസന്ധികളെയും മറികടന്ന് ചിത്രം നാളെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.
മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്.പല കാലഘട്ടങ്ങളിൽ പല ഗെറ്റപ്പുകളിൽ ആയാണ് താരം ചിത്രത്തിലെത്തുന്നതാണ് സൂചന.കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖം സിനിമയുടെ പ്രധാന പ്രമേയം.1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമ്മിക്കുമ്പോൾ മുതലുള്ള കഥയാണ് തുറമുഖം പ്രേക്ഷകരുമായി പറയുന്നത്.പിന്നീട് ആ കഥകളിലേക്കും 40കളിലേക്കും 50കളിലേക്കും നീളുന്നുണ്ട്.കരാറുകാരും മുതലാളിമാരും യൂണിയൻകാരും ചേരുന്ന മാഫിയ തൊഴിലാളികൾക്ക് മേൽ സൃഷ്ടിക്കുന്ന പലതരത്തിലുള്ള അനീതികളും ചിത്രം വരച്ചുകാട്ടുന്നു.
ചിത്രത്തിൻറെ സംവിധാനത്തോടൊപ്പം ചായാഗ്രഹണവും രാജീവ് രവി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.ഗോപൻ ചിദംബരനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.നിവിന്‍ പോളി,ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ,നിമിഷ സജയൻ,പൂർണിമ ഇന്ദ്രജിത്ത്,അർജുൻ അശോകൻ,ദർശന രാജേന്ദ്രൻ,സുദേവ് നായർ,മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ,സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.രാജീവ് രവിയുടെ ഒരു സ്വപ്ന പദ്ധതിയായി ആരംഭിച്ച ചിത്രം എത്രയധികം പ്രതിസന്ധികളിലേക്ക് പോകേണ്ട ആവശ്യമില്ലായിരുന്നു.അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണ്.നിവിൻ ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പറയുന്നു.
പ്രൊഡ്യൂസറുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ ഇറങ്ങുമോ എന്നു പോലും ഉറപ്പില്ലാതിരുന്ന ചിത്രം അവസാനം ഏറ്റെടുത്തത് ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസ് ആണെന്നും അതിന് അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടുവെന്നും നിവിൻ ചിത്രത്തിൻറെ പ്രമോഷൻ ചടങ്ങിൽ പറഞ്ഞു.താൻ ഒരു ഘട്ടത്തിൽ സിനിമ റിലീസിനെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കോടികളുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ അന്ന് തനിക്ക് കഴിയുമായിരുന്നില്ല.തുടര്‍ന്ന് തുറമുഖത്തിന്റെ സാമ്പത്തിക പ്രശ്നത്തിന്റെ ഒരോ കുരുക്കും അഴിച്ച് അത് ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കിയ ലിസ്റ്റന്‍ വേദിയില്‍ വച്ച് തന്നെ നന്ദിയും നിവിന്‍ പോളി പറഞ്ഞു.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റിലീസിന് എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.