മലയാള സിനിമയുടെ അഹങ്കാരമായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരൻ. പല പുതുമുഖ താരങ്ങളും ഇന്ന് മോഡൽ ആക്കുന്നത് പൃഥ്വിരാജ് സുകുമാരന്റെ ജീവിതമാണ്. താരപുത്രൻ നെപ്പോട്ടിസം എന്നൊക്കെ ആളുകൾ പറയുമെങ്കിലും മലയാളത്തിലെ മുൻനിര നായകനായി ഉയർന്നുവന്നത് സ്വന്തം കഴിവും പ്രയത്നവും ഒന്നുകൊണ്ടുമാത്രമാണ്. അന്നും ഇന്നും അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ പറയുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്. അതുകൊണ്ടുതന്നെ തുടക്കത്തിൽ പൃഥ്വിരാജിനെ ഡിഗ്രേഡ് ചെയ്യാൻ മാത്രം വലിയൊരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു. എന്നിട്ടും ഇൻഡസ്ട്രിയിൽ പിടിച്ചുനിന്നു തൻ്റെ സ്വപ്നങ്ങൾ ഓരോന്നായി പൃഥ്വിരാജ് നേടിക്കഴിഞ്ഞു.
മലയാളത്തിലെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വേണമെങ്കിൽ പൃഥ്വിയെ വിശേഷിപ്പിക്കാം. കഴിഞ്ഞദിവസമാണ് സിനിമ ചിത്രീകരണത്തിനിടയിൽ കാലിനു പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്റിൽ കീഹോൾ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്കേൽക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തനിക്ക് വേണ്ടി ഉത്കണ്ഠയും സ്നേഹവും പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് പൃഥ്വിരാജ്. വിലായത്ത് ബുദ്ധയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിന് ഇടയിൽ എനിക്ക് പരിക്കേറ്റിരുന്നു.
വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിലൂടെ സുഖം പ്രാപിച്ചു വരികയാണ്. കീഹോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സമയം ക്രിയേറ്റീവ് ആയി ഉപയോഗിക്കാൻ ശ്രമിക്കും. വേദനയിൽ നിന്നും മുക്തി നേടി പൂർണ്ണ ആരോഗ്യവാനായി മടങ്ങി വരാൻ ഞാൻ പ്രയത്നിക്കും. എൻറെ പരിക്കിനെ കുറിച്ച് അന്വേഷിക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ഇനിയുള്ള കുറച്ചു മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്.
താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരുന്നു. പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരു. അലംകൃതയ്ക്ക് ഒപ്പം ചെലവഴിക്കാനുള്ള സമയം കൂടിയായി മാറട്ടെ ഇത് എന്നായിരുന്നു ദീപക് ദേവ് കുറിച്ചത്. സിനിമയൊക്കെ അവിടെ നിൽക്കട്ടെ പൂർണ്ണ ആരോഗ്യവാനായിട്ട് തിരിച്ചു വന്നാൽ മതി. കാഞ്ചന മൊയ്തീന് വേണ്ടി കാത്തിരുന്നതിനേക്കാൾ കൂടുതൽ ഞങ്ങൾ നിങ്ങളുടെ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുമാണ് ആരാധകർ പറയുന്നത്.
വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് നടക്കുന്ന മറയൂരിൽ വച്ചാണ് പൃഥ്വിരാജിന് അപകടം പറ്റിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി ആർ ഇന്ദു ഗോപൻ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്.