നിരവധി വർഷങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന അഭിനേതാവാണ് വിജയരാഘവൻ.ഇത്രയും വർഷങ്ങൾക്കിടയിൽ അദ്ദേഹത്തെ വില്ലൻ വേഷങ്ങളിലും,കോമഡി വേഷങ്ങളിലും,സ്വഭാവ നടനായും എല്ലാം മലയാളികൾ കണ്ടിട്ടുണ്ട്.അദ്ദേഹത്തിൻറെ അഭിന ശൈലിയും ചെയ്യുന്ന കഥാപാത്രങ്ങളും എന്നും മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്.ഗണേഷ് രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൂക്കാലം ആണ് വിജയരാഘവൻറെ റിലീസിന് എത്തിയ ഏറ്റവും പുതിയ ചിത്രം.ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഏകദേശം നൂറു വയസ്സുള്ള ഇച്ചാപ്പൻ എന്ന വൃദ്ധ കഥാപാത്രമായാണ് വിജയരാഘവൻ ചിത്രത്തിൽ വേഷമിട്ടത്.ചിത്രത്തിൻറെ ടീസറും ട്രെയിലറും ഒക്കെ പുറത്തിറങ്ങിയ സമയങ്ങളിൽ അദ്ദേഹത്തിൻറെ ഇച്ചാപ്പൻ എന്ന കഥാപാത്രമായുള്ള രൂപമാറ്റം ഏറെ ചർച്ചയായിരുന്നു.കെപിഎസി ലീല,ബേസിൽ ജോസഫ്,വിനീത് ശ്രീനിവാസൻ,സുഹാസിനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഏപ്രിൽ എട്ടിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രം ഇതിനോടകം നേടിയെടുത്തിരിക്കുന്നത്.തോമസ് തിരുവല്ല,വിനോദ് ഷോർണൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇച്ചാപ്പൻ എന്ന കഥാപാത്രമായുള്ള വിജയരാഘവന്റെ രൂപമാറ്റ വീഡിയോയാണ് ഇപ്പോൾ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ഗണേഷ് രാജ് ആണ് സോഷ്യൽ മീഡിയയിലൂടെ ഈ മേക്കപ്പ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.ഏകദേശം 25 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഷൂട്ടിങ്ങിൽ നാലരമണിക്കൂറോളം സമയം എടുത്താണ് വിജയരാഘവൻ ഇച്ചാപ്പന്റെ മേക്കപ്പ് പൂർത്തിയാക്കിയിരുന്നത്.കൂടാതെ വേഷത്തിലും,രൂപത്തിലും,പെരുമാറ്റത്തിലും എല്ലാം അദ്ദേഹം നൂറ് വയസ്സുള്ള ഇച്ചാപ്പനായി ജീവിക്കുകയായിരുന്നു.
റോക്സ് സേവ്യർ ആണ് ചിത്രത്തിലെ വിജയരാഘവൻ മേക്കപ്പ് കൈകാര്യം ചെയ്തത്.എൺപതു വർഷമായി ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം പൂക്കാലമാക്കിയ വൃദ്ധ ദമ്പതികളായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും പ്രണയത്തിന്റെ കഥയാണ് പൂക്കാലം പറയുന്നത്.അവരുടെ കൊച്ചു മകളായ എൽസിയുടെ മനഃസ്സമ്മത ദിവസം വീട്ടിൽ ഒത്തുകൂടുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും കൂടി ആഘോഷിക്കുന്ന വേളയിൽ പെട്ടെന്നൊരു സംഭവം ഉണ്ടാവുന്നതും അത് ആ അന്തരീക്ഷത്തെ മാറ്റിമറിക്കുന്നതും ആണ് ചിത്രം പറയുന്നത്.ഇച്ചാപ്പൻ ആയുള്ള വിജയരാഘവന്റെ പ്രകടനവും കൊച്ചുത്രേസ്യ ആയുള്ള കെപിഎസി ലീലയുടെ പ്രകടനവും ആണ് ചിത്രത്തിൻറെ നട്ടെല്ല്.