അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന അക്ഷയ് കുമാര്‍ നായകനാകുന്ന’ബഡേ മിയാൻ ചോട്ടേ മിയാൻ’എന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിൻറെ ഭാഗമാകുന്നതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചു.പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രമാണിത്.
ചിത്രത്തിൽ ടൈഗർ ഷെറൊഫും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ജാൻവി കപൂറാണ് ചിത്രത്തിൽ നായിക കഥാപാത്രമായി എത്തുന്നത്.അമിത് തൃവേദി സംവിധാനം ചെയ്ത ‘അയ്യ’,അതുൽ സബർവാളിന്റെ’ഔറംഗസേബ്’, ശിവം നായർ,നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത’നാം ശബാന’തുടങ്ങിയവയാണ് പൃഥ്വിരാജ് മുൻപ് ബോളിവുഡിൽ അഭിനയിച്ച ചിത്രങ്ങൾ.ചിത്രത്തിലേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്തുകൊണ്ട് അക്ഷയ്കുമാറും ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരുന്നു.
കബീർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി,ഹിമാന്‍ഷു കിഷന്,അലി അബ്ബാസ് സഫര്‍ എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.പൃഥ്വിരാജ് വീണ്ടും ബോളിവുഡ് ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗോൾഡ് ആണ് പൃഥ്വിരാജിന്റെ മലയാളത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം.അജ്മല്‍ അമീര്‍,കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ,വിനയ് ഫോര്‍ട്ട്,റോഷൻ മാത്യു, മല്ലിക സുകുമാരൻ,ലാലു അലക്സ്,ജഗദീഷ്, സൈജു കുറുപ്പ്,സുരേഷ് കൃഷ്ണ,ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഗോൾഡ് നിർമ്മിച്ചിരിക്കുന്നത്.