ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന നായികയാണ് രശ്മിക മന്ദാന.റിഷഭ് ഷെട്ടി ഒരുക്കിയ കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക കന്നഡ സിനിമാ ലോകത്തേക്ക് എത്തുന്നത്.പിന്നീട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രങ്ങളിലൂടെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും താരം സജീവമാവുകയാണ്.രശ്മികയുടെ ഏറ്റവും പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നത് ഹിന്ദിയിലാണ്. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു ഒരു സ്പൈ ത്രില്ലർ ചിത്രമാണ്.
ഈ ചിത്രത്തിൻറെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടന്ന ഒരു സ്റ്റേജ് ഷോയിൽ രശ്മിക പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വിവാദത്തിന് തിരി കൊടുത്തിരിക്കുന്നത്.ബോളിവുഡിലാണ് നല്ല പ്രണയ ഗാനങ്ങള്‍ ഉള്ളതെന്നും മറിച്ച് തെന്നിന്ത്യയില്‍ ഐറ്റം നമ്പറുകളാണ് ഉള്ളതെന്നുമുള്ള നടിയുടെ പരാമർശമാണ് പ്രേക്ഷകരെ രോഷം കൊള്ളിച്ചിരിക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം വളർന്നുവരുന്ന പ്രായത്തിൽ പ്രണയ ഗാനങ്ങൾ എന്നാൽ അത് ബോളിവുഡ് ഗാനങ്ങൾ ആയിരുന്നു.പക്ഷേ തെന്നിന്ത്യയിൽ ആ സ്ഥാനത്ത് മാസ് മസാല ഐറ്റം സോങ്ങുകളാണ് ഉള്ളത്. രശ്മിക പറയുന്നു.
മിഷൻ മജ്നുവിലെ തന്റെ കരിയറിലെ ആദ്യത്തെ റൊമാൻറിക് ഹിന്ദി ഗാനത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് രശ്മിക പങ്കുവെച്ചത്.വളരെ നല്ല ഗാനമാണ് ഇത് അതിൻറെ ആവേശത്തിലാണ് ഞാൻ.ഗാനം പുറത്തിറങ്ങി പ്രേക്ഷകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.ബോളിവുഡില്‍ ഒരു അവസരം കിട്ടിയപ്പോള്‍ തെന്നിന്ത്യന്‍ സിനിമയെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ വിമര്‍ശനം.വേദിയിലെ രശ്മികയുടെ സംഭാഷണം ഇതിനോടകം വൈറൽ ആയിട്ടുണ്ട്.
ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന മിഷൻ മജ്നു രശ്മികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ്. അമിതാബച്ചനോപ്പം അഭിനയിച്ച ഗുഡ്ബൈ ആണ് രശ്മികയുടെ ആദ്യത്തെ ഹിന്ദി ചിത്രം.തിയേറ്റർ റിലീസ് ഒഴിവാക്കി ഡയറക്ട് ഓടിടി റിലീസ് ആയിട്ടാണ് മിഷൻ മജ്നു പ്രേക്ഷകരിൽ എത്തുക. ഫ്ലിക്സിൽ ജനുവരി 20 മുതലാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക.പര്‍മീത് സേഥി,ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍,സക്കീര്‍ ഹുസൈന്,കുമുദ് മിശ്ര, അര്ജന് ബജ്വ,രജിത് കപൂര്‍ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.