ഹരി ഹരീഷ് എന്നിവരുടെ സംവിധാനത്തിൽ തെന്നിന്ത്യൻ താര സുന്ദരി സാമന്തയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം യശോദ ഡിസംബർ 9ന് ഓ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നവംബർ 11 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച കളക്ഷനും അഭിപ്രായങ്ങളും നേടിയിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ 5 ഭാഷകളിലാണ് ചിത്രം ഓ.ടി.ടി റിലീസിന് ഒരുങ്ങുന്നത്.
തെലുങ്ക്,തമിഴ്,കന്നഡ,മലയാളം,ഹിന്ദി എന്നീ 5 ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ ആയിരുന്നു.ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം സാമന്തയുടെ കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് എത്തിയത്.ആദ്യത്തെ സ്ത്രീ കേന്ദ്രീകൃത പാൻ ഇന്ത്യൻ സിനിമ എന്ന സവിശേഷതയും യശോദയ്ക്ക് ഉണ്ടായിരുന്നു.
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്ന യശോദ എന്ന കഥാപാത്രമായിട്ടാണ് സാമന്ത ചിത്രത്തിൽ എത്തുന്നത്.വാടക ഗർഭധാരണവും അതിൽ നടക്കുന്ന മെഡിക്കൽ കുറ്റകൃത്യങ്ങളും വരച്ചുകാട്ടുകയാണ് ചിത്രം.വരലക്ഷ്മി,ശരത് കുമാർ,റാവു രമേഷ്,മുരളി ശർമ,സമ്പത്ത് രാജ്, ശത്രു,മധുരിമ,കൽപിക ഗണേഷ്,ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പുരാണത്തിലെ ശ്രീകൃഷ്ണൻറെ വളർത്തമ്മയായ യശോദയിൽ നിന്നാണ് സാമന്തയുടെ കഥാപാത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളത്.വാടക ഗർഭധാരണം നടത്തുന്ന സ്ത്രീകളെ പരിചരിക്കുന്ന ഒരു ആശുപത്രിയിൽ അവിടെ യശോദ എത്തിപ്പെടുന്നതിനെ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമായാണ് ചിത്രം പുരോഗമിക്കുന്നത്.ചള്ള ഭാഗ്യലക്ഷ്മി,പുളഗം ചിന്നരായ എന്നിവർ സംഭാഷണം തയ്യാറാക്കിയ ചിത്രത്തിൻറെ സംഗീതസംവിധാനം മണി ശർമയാണ്.