മലയാളത്തിൽ നിന്നും തമിഴ് തെലുങ്ക് സിനിമകളിലേക്ക് കടന്ന് വിജയം വരിച്ച നായിക നടിയാണ് സംയുക്ത. തെലുങ്കിൽ ഇതിനകം വൻ ആരാധക വൃന്ദം തീർക്കാൻ സംയുക്തയ്ക്ക് കഴിഞ്ഞു. തമിഴിൽ വാത്തി എന്ന സിനിമയിലൂടെ ശ്രദ്ധ നേടാനും താരത്തിനായി. മലയാളത്തിൽ വെള്ളം, തീവണ്ടി തുടങ്ങി ചുരുക്കം സിനിമകളിൽ സംയുക്ത അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബൂമാറാങ് എന്ന മലയാള സിനിമയുടെ പ്രമോഷൻ ചടങ്ങുകളിൽ നടി പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. സിനിമയിൽ മറ്റൊരു വേഷം ചെയ്ത നടൻ ഷൈൻ ടോം ചാക്കോ സംയുക്തയ്ക്ക് എതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ സംയുക്തയ്ക്ക് എതിരെ വ്യാപക സൈബർ ആക്രമണവും നടന്നു. എന്നാൽ അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാൻ നടി തയ്യാറായില്ല.
ഇപ്പോൾ ഒരു തെലുങ്ക് സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കവേ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ഷൈൻ ടോമിന്റെ ആരോപണത്തോട് പ്രതികരിക്കാത്തതിന് കാരണമുണ്ടെന്ന് സംയുക്ത വ്യക്തമാക്കി. ഇവിടെ ഇപ്പോഴുള്ള മീഡിയ കൾച്ചർ എന്തെന്നാൽ എന്തെങ്കിലും ഒരു വിഷയം വരുന്നു, അതേക്കുറിച്ച് ചർച്ച, എല്ലാം കൂട്ടിച്ചേർത്ത് വേറൊരു നരേറ്റീവ് ഉണ്ടാകും, വേറൊരു ഇൻഡസ്ട്രിയായി കണ്ടന്റ് ക്രിയേഷൻ എന്ന രീതിയിൽ നടന്നു പോവുകയാണ്. നാട്ടുകാരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യമോ, ഭീകരമായ പ്രശ്നമോ ആയിരുന്നെങ്കിൽ ഞാൻ തന്നെ വന്ന് പ്രതികരിച്ചേനെ. എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു ഒന്നുകിൽ ഷൂട്ട് ക്യാൻസൽ ചെയ്യണമെന്നായിരുന്നു.
എന്ന് മാത്രമല്ല ഒരുപാട് നഷ്ടവും ഉണ്ടാകും. കാരണം എനിക്ക് വേണ്ടി രണ്ടുമൂന്നു ഷെഡ്യൂളുകൾ മാറ്റിയിരുന്നു. ഇതെല്ലാം മാറ്റിവെച്ച് എനിക്ക് ഇങ്ങോട്ട് വരണമായിരുന്നു. ഏതെങ്കിലും ഒരു പ്രശ്നം എനിക്ക് അഭിമുഖീകരിക്കണം ആയിരുന്നു. ആ സമയത്ത് വിചാരിച്ചത് ആ സിനിമയിൽ ഞാനല്ലാതെ വേറെ ആക്ടർസ് ഉണ്ടായിരുന്നു. ചിലപ്പോൾ എന്നെക്കാളും മീഡിയ വാല്യൂ ഉണ്ടാവുന്നത് മറ്റ് ആക്ടർസിന് ആണെന്നും സംയുക്ത പറയുന്നു. സംയുക്ത എന്ന ഇൻറർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ സംയുക്ത ഹോട്ട് എന്ന് ആദ്യം തന്നെ വരുന്നതിനെ കുറിച്ചും താരം സംസാരിച്ചു. എൻറെ മാത്രമല്ല, എല്ലാ നടിമാർക്കും ഇങ്ങനെയാണ്. അവിചാരിതം എന്നോണം നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ സെർച്ച് വരുന്നത് അതിലോട്ടാണ്. അപ്പോൾ അത് ആരുടെ കുഴപ്പമാണെന്നും സംയുക്ത ചോദിക്കുന്നു.
നടി സാമന്തയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും സംയുക്ത സംസാരിക്കുന്നുണ്ട്. ഒരുപാട് പേർ ഇഷ്ടപ്പെടുന്ന സൂപ്പർസ്റ്റാർ ആണ് സാമന്ത. അങ്ങനെ ഒരാളോട് താരതമ്യം ചെയ്യുന്നതോർത്ത് എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ നമ്മുടെ നാട്ടിൽ ഏതു സിനിമ എടുത്താലും അഭിനയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അവരിപ്പോൾ ചെയ്യുന്ന സിനിമകൾ ഗംഭീര സിനിമകളാണ്. അതിനകത്തോട്ട് എത്തിപ്പെടാൻ കഴിഞ്ഞാൽ ആണ് എനിക്ക് ഇനിയും കൂടുതൽ സന്തോഷമുണ്ടാവുക. അതോടൊപ്പം തന്നെ തനിക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടെന്നും സംയുക്ത വ്യക്തമാക്കി. സാമന്തയുടെ മുഖവുമായി സംയുക്തയുടെ മുഖത്തിന് സാമ്യമുണ്ടെന്ന് തെലുങ്ക് ആരാധകരും പറയാറുണ്ട്.
തെലുങ്കിലാണ് സംയുക്തയ്ക്ക് വലിയ ആരാധക വൃന്ദം ഉള്ളത്. സംയുക്ത മേനോൻ എന്നാണ് സിനിമയിൽ അടുത്ത കാലം വരെ നടി അറിയപ്പെട്ടത്. എന്നാൽ അടുത്തിടെ മേനോൻ എന്ന ജാതി പേര് നടി നീക്കം ചെയ്തു. ഷൈൻ ടോം ചാക്കോയുടെ വിമർശനത്തിൽ ഇതും പരിഹസിക്കപെട്ടിരുന്നു. ഷൈനിന്റെ ഈ വാക്കുകൾ വിഷമിപ്പിച്ചെന്നും താൻ എടുത്ത പുരോഗമനപരമായ ഒരു തീരുമാനത്തെ ഷൈൻ അനവസരത്തിൽ എടുത്തിട്ടു എന്നും സംയുക്ത വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ സൈബർ ആക്രമണം നേരിടുന്നുണ്ടെങ്കിലും മറുഭാഷകളിൽ വലിയ സ്വീകാര്യത താരത്തിനുണ്ട്.