ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടി ആവുക എന്നത് ചിലർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ജനങ്ങളുടെ മനസ്സിൽ ചേക്കേറാനും അവരുടെ സ്നേഹം എന്നേക്കും അനുഭവിക്കാനും ഭാഗ്യം ലഭിച്ച നടിയാണ് 90കളിൽ മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരമായിരുന്ന മോഹിനി. മലയാളം, തമിഴ്, തെലുങ്ക് ,കന്നട ,ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മോഹിനി. ഓരോ താരങ്ങളും ശ്രദ്ധിക്കപ്പെടുന്നത് അവരുടേത് മാത്രമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ട് ആയിരിക്കും.
അത്തരത്തിൽ മോഹിനി വ്യത്യസ്തയായത് മനോഹരമായ പൂച്ച കണ്ണുകൾ കൊണ്ടായിരുന്നു. ഇപ്പോഴും മോഹിനി എന്ന പേര് കേൾക്കുമ്പോൾ അതേ പൂച്ച കണ്ണുകളാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. തമിഴ് നടി ആണെങ്കിലും മോഹിനി തിളങ്ങിയത് മലയാളത്തിൽ ആയിരുന്നു. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരാണ് മോഹിനിയുടെ സ്വദേശം.
മോഹിനിയുടെ പൂർവികർ എല്ലാം തഞ്ചാവൂർ സ്വദേശികൾ ആയിരുന്നു. ചെന്നൈയിൽ ജനിച്ച് വളർന്ന തനി നാടൻ പെൺകുട്ടിയായിരുന്നു മോഹിനി. സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത കുടുംബമായിരുന്നു മോഹിനിയുടേത്. വിവാഹം കഴിഞ്ഞ് പത്താം വർഷമാണ് അമ്മയ്ക്കും അച്ഛനും മോഹിനി ജനിച്ചത്. അതുകൊണ്ടുതന്നെ വളരെയധികം ലാളിച്ചും കൊഞ്ചിച്ചും ആണ് നടിയെ വളർത്തിയത്. ചെറുപ്പകാലത്തുതന്നെ ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, പഠനം എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവു തെളിയിച്ച പെൺകുട്ടിയാണ് മോഹിനി വളർന്നത്.
കുട്ടിക്കാലം മുതൽക്ക് തന്നെ മോഹിനിയുടെ പ്രത്യേകത നിറഞ്ഞ കണ്ണുകൾ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ആ കണ്ണ് കണ്ടാണ് അച്ഛൻറെ പരിചയം വഴി മോഹിനി സിനിമയിലേക്ക് എത്തിയത്. മോഹൻലാലിന്റെ നാടോടി എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ ചുവട് വയ്ക്കുന്നത്. തുടർന്ന് 11 ഓളം സിനിമകൾ ചെയ്തു. പഞ്ചാബി ഹൗസ്, മായപൊന്മാൻ, ഈ പുഴയും കടന്ന് തുടങ്ങി നിരവധി മലയാള സിനിമകളിലൂടെ പ്രതിഭ കാഴ്ചവച്ച മോഹിനി 1999ലാണ് വിവാഹിതയായത്. അമേരിക്കൻ വ്യവസായി ആയ ഭരത് പോൾ എന്ന വ്യക്തിയെ ആണ് മോഹിനി വിവാഹം കഴിച്ചത്.
വിവാഹശേഷം അഞ്ചുവർഷത്തോളം സിനിമകളിൽ നിന്നും മാറിനിന്ന് നടി 2004ൽ മമ്മൂട്ടിക്കൊപ്പം വേഷം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. തുടർന്ന് 6 സിനിമകളിൽ അഭിനയിച്ചതിൽ അഞ്ചു മലയാളം ചിത്രങ്ങൾ ആയിരുന്നു. എന്നാൽ അതിനിടെ നടിയുടെ വ്യക്തി ജീവിതത്തിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിതം അമേരിക്കയിലേക്ക് പറിച്ചുനട്ടതും ക്രിസ്ത്യൻ മതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന് പേരുമാറ്റിയതും ആയിരിക്കും. 2010ലാണ് വിവാഹത്തോടെ അമേരിക്കയിലേക്ക് മോഹിനി ചേക്കേറിയത്. ഇപ്പോൾ കുടുംബവും രണ്ടു കുട്ടികളുമായി അമേരിക്കയിൽ താമസിക്കുകയാണ് താരം.
2013ലാണ് മോഹിനി ക്രിസ്തുമതം സ്വീകരിച്ചത്. മോഹിനി ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ചു. വിവാഹശേഷം ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകളാണ് നടി നേരിട്ടത്. ജീവിതം തന്നെ മടുത്തു, നിരാശ ചിന്തകളുമായി വളരെയധികം ബുദ്ധിമുട്ടി. ഒട്ടനവധി ഡോക്ടർമാരെ കണ്ട് ചികിത്സ നടത്തി പരിഹാരമുണ്ടായില്ല. നെഗറ്റീവ് ചിന്തകളിൽ നിന്നും വിട്ടുനിൽക്കാനായി ക്രിസ്തീയ ആരാധനയും സുവിശേഷങ്ങൾ എല്ലാം മോഹിനിക്ക് തുണയായി. അങ്ങനെ ആ മതത്തിലേക്ക് മാറുകയായിരുന്നു.
പലതരം ബുദ്ധിമുട്ടുകളും ദുഃഖങ്ങളും അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രാർഥനകളും സുവിശേഷങ്ങളും നടത്തി. ഇപ്പോൾ അമേരിക്കയിലും സമയം കിട്ടുമ്പോൾ ഒക്കെ ഇത് ചെയ്താണ് മുന്നോട്ടുപോകുന്നത്. നല്ല അവസരം ലഭിച്ചാൽ സിനിമാരംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കുകയാണ് താരം.