സ്റ്റെഫി സേവ്യറിൻറെ സംവിധാനത്തിൽ ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്’മധുര മനോഹര മോഹം’.പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിൻറെ ഏറ്റവും പുതിയ ടൈറ്റിൽ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.ചിത്രത്തിൽ ഷറഫുദ്ദീന്റെ നായികയായി രജീഷ വിജയനാണ് എത്തുന്നത്.
ബിത്രീഎം ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.സൈജു കുറുപ്പ്,അൽത്താഫ് സലിം, വിജയരാഘവൻ,സുനിൽ സുഗത,ബിജു സോപാനം, ബിന്ദു പണിക്കർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.കോട്ടയത്ത് കുറവിലങ്ങാടിന് അടുത്തുള്ള സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ ആയിരുന്നു ലളിതമായ ചടങ്ങുകളോടെ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത്.
ചന്ദ്രു സെല്‍വ രാജ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മഹേഷ് ഗോപാൽ,ജയ് വിഷ്ണു എന്നിവർ ചേർന്നാണ്.പത്തനംതിട്ട ജില്ലയിലെ ഒരു പാരമ്പര്യ നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്.ഇത്തരം ഒരു കുടുംബത്തിൽ നടക്കുന്ന പല സംഭവങ്ങളും നർമ്മത്തിന്റെ കൂട്ടുപിടിച്ചാണ് ചിത്രത്തെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുന്നത്. പത്തനംതിട്ടയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ.
ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.ഹൃദയത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്.ജയൻ ക്രയോൺ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് അപ്പു ഭട്ടതിരിപ്പാട് ആണ്. മേക്കപ്പ് റോണക്സ് സേവ്യർ,കോസ്റ്റ്യൂം ഡിസൈൻ സനൂജ് ഖാൻ,പിആര്‍ഒ വാഴൂർ ജോസ്,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്ക്യൂറ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.