ശരീരമാകെ തീ നാളങ്ങൾ പൊള്ളൽ ഏൽപ്പിച്ചിട്ടും തളരാതെ പൊരുതിയ സൂസൻ തോമസ് ഇനി പുതിയ ജീവിതത്തിലേക്ക്. കണ്ണൂർ ഇരിട്ടി പുളിക്കൽ സ്വദേശി സന്ദീപ് സെബാസ്റ്റ്യനുമായി സൂസന്റെ വിവാഹം ഇന്നലെ പള്ളിയിൽ വച്ച് നടന്നപ്പോൾ ആയിരക്കണക്കിന് മലയാളികളാണ് ഈ ദമ്പതികൾക്ക് വിവാഹ ആശംസകൾ നൽകിയത്. 2006 മെയ് 18ന് ധ്യാന കേന്ദ്രത്തിൽ വച്ച് ഉണ്ടായ അപകടത്തിലാണ് സൂസന് ഗുരുതരമായി പൊള്ളലേറ്റത്. ചായ കുടിക്കാനായി ധ്യാനകേന്ദ്രത്തിലെ അടുക്കളയിൽ എത്തിയതായിരുന്നു സൂസൻ. കണ്ണടച്ചു തുറക്കു മുമ്പ് അടുപ്പത്തിരുന്ന എണ്ണ ചട്ടിയിൽ നിന്നും തീ പടർന്ന് അടുക്കളയിൽ ആളിക്കത്തുകയായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. 40 ദിവസത്തോളം ആണ് ഐസിയുവിൽ കഴിഞ്ഞത്. ഇതിനിടെ വിധി വീണ്ടും ക്രൂരത കാണിച്ചു. ചികിത്സിച്ചിരുന്ന ഡോക്ടർ 10 ദിവസം അവധിയിൽ പോയതോടെ ചികിത്സയിൽ വീഴ്ച സംഭവിച്ചു. കൈവിരലുകളിൽ പഴുപ്പ് കയറി. ജീവഹാനിക്ക് വരെ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ സൂസന്റെ ബന്ധുക്കളെ അറിയിച്ചു. ധ്യാനകേന്ദ്രവും ബന്ധുക്കളും നാട്ടുകാരും ഒക്കെ സൂസനു വേണ്ടി പ്രാർത്ഥിച്ചു. തുടർന്ന് 10 ദിവസം കൂടി ആശുപത്രിയിൽ തുടർന്ന് ശേഷം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി.
അവിടെ 56 ദിവസത്തെ ചികിത്സ. ഒടുവിൽ ആ മുറിവുകളെല്ലാം ഉണങ്ങി. പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു സൂസൻ. ആ അപകടം മാനസികമായി ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മോചനം നേടുവാൻ സമൂഹമാധ്യമങ്ങളിൽ സൂസൻ പങ്കുവെച്ച വീഡിയോകളിലൂടെയും വൈറൽ ഫോട്ടോഷൂട്ടിലൂടെയുമാണ് സൂസൻ തോമസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. ഫോട്ടോഷൂട്ടിന് രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു അന്ന് സൂസൻ നേരിട്ടത്. അത് മാറണമെങ്കിൽ ഞാനൊരു കല്യാണം കഴിക്കണം എന്നായിരുന്നു സൂസൻ പറഞ്ഞത്. അങ്ങനെയിരിക്കയാണ് എട്ടുമാസം മുൻപ് ഫേസ്ബുക്കിലൂടെ സന്ദീപിനെ പരിചയപ്പെട്ടത്.
സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് നയിച്ചു. തനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടാകില്ലെന്ന് കരുതിയിരുന്നപ്പോഴാണ് സന്ദീപ് സൂസനോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. പിന്നെ വീട്ടിൽ വന്ന് ചോദിക്കാൻ പറയുകയായിരുന്നു. പറഞ്ഞുകഴിഞ്ഞ് രണ്ടുമാസത്തോളം കഴിഞ്ഞാണ് വന്നത്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു. കല്യാണത്തിന് കുറെ തടസ്സങ്ങൾ ഉണ്ടായിരുന്നു. എല്ലാം മാറിയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. കാത്തിരിപ്പിനൊടുവിലായി ഇപ്പോൾ സൂസനും സന്ദീപും ഒന്നിച്ചിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി ഉള്ള മനസമ്മതം ഫെബ്രുവരി 13ന് കുമളി സെൻമേരിസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്നു.
ഹോട്ടൽ മാനേജ്മെൻറ് പഠനം കഴിഞ്ഞ് സന്ദീപ് ഇപ്പോൾ ഒരു കൊറിയർ കമ്പനിയിൽ ജോലി നോക്കുകയാണ്. സൂസനെ പങ്കാളിയായി ലഭിച്ചതിൽ സന്ദീപ് സന്തുഷ്ടനാണ്. ആർക്കും സംഭവിക്കാവുന്നതാണ് ഇതെല്ലാം എന്നാണ് സന്ദീപിന്റെ പ്രതികരണം. വിവാഹത്തിൽ സ്വന്തം വീട്ടുകാർ പങ്കെടുക്കാത്തതിൽ വിഷമമുണ്ടെങ്കിലും അതെല്ലാം ഉള്ളിൽ ഒതുക്കി സന്തോഷവതിയായി പോസ് ചെയ്തിരിക്കുകയാണ് സൂസൻ. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
തൻറെ ജീവിതത്തിൽ ഇങ്ങനെയൊരു വിവാഹം നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഏറെ നാളായി സ്വപ്നം കണ്ട വിവാഹദിനത്തിൽ പൂർണമായും സന്തോഷിക്കാൻ കഴിഞ്ഞില്ലെന്ന് സൂസൻ പറയുന്നു. സൂസന്റെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കൾ വിവാഹത്തിന് എത്താതിരുന്നതാണ് സൂസൻറെ ദുഃഖം. വിവാഹാലോചന വന്നത് മുതലുള്ള തടസ്സങ്ങൾ എല്ലാം മറികടന്നാണ് സന്ദീപ് സൂസന് മിന്നു ചാർത്തിയത്.