ഉത്സവപ്പറമ്പുകളിലും കോളേജുകളിലും എല്ലാം ബ്രേക്ക് ഡാൻസ് സിനിമാറ്റിക് ഡാൻസ് എല്ലാം തരംഗമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അക്കാലത്ത് സ്റ്റേറ്റ് ഷോകളിലെ സൂപ്പർസ്റ്റാർ ആയിരുന്നു അപ്രതീക്ഷിതമായി വിടവാങ്ങിയ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ. ഡാൻസിനു വേണ്ടി അർപ്പിച്ച ജീവിതമായിരുന്നു രാജേഷിന്റേത്. മലയാളത്തിലെ സൂപ്പർ ഹിറ്റായ ചാനൽ റിയാലിറ്റി ഷോകളിലും എല്ലാം രാജേഷിന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം വൻ ശിഷ്യഗണം തന്നെ ഡാൻസിന്റെ മേഖലയിൽ രാജേഷിന് സ്വന്തമായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം പുറത്തുവന്ന രാജേഷിന്റെ മരണവാർത്ത അദ്ദേഹത്തിൻറെ ആയിരക്കണക്കിന് ശിഷ്യരെയും താരങ്ങളായ സുഹൃത്തുക്കളെയും ഞെട്ടിച്ചിട്ടുണ്ട്.
മിനി സ്ക്രീൻ അടക്കം വിശാലമായ സൗഹൃദ വലയം രാജേഷ് മാസ്റ്ററിന് ഉണ്ടായിരുന്നു. കൊച്ചി സ്വദേശിയായ രാജേഷിന്റെത് ആത്മഹത്യ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ജീവിതത്തോട് പോസിറ്റീവ് സമീപനമുള്ള വ്യക്തിത്വമായിരുന്നു രാജേഷിന്റേത്. ഈ പോസിറ്റീവിറ്റി തന്റെ ശിഷ്യർക്കും അദ്ദേഹം പകർന്നു നൽകിയിരുന്നു. അങ്ങനെയുള്ള വ്യക്തി ജീവനൊടുക്കി എന്നത് പലർക്കും വിശ്വസിക്കുവാൻ പ്രയാസമുള്ള കാര്യമായി മാറിക്കഴിഞ്ഞു.
സിനിമ സീരിയൽ താരങ്ങൾ അടക്കം ആയിരക്കണക്കിന് പേർ ശിഷ്യരായുള്ള രാജേഷ് മാസ്റ്ററുടെ ഡാൻസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതേസമയം നിരവധി താരങ്ങളാണ് മാസ്റ്ററുടെ മരണത്തിൽ ആദരാഞ്ജലികൾ രേഖപ്പെടുത്തിയത്. എന്തിനാണ് അദ്ദേഹം സ്വയം ജീവൻ ഒടുക്കിയത് എന്ന് ചോദ്യമാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതും.
കൈരളി ടിവിയിലെ താരോത്സവത്തിന്റെ കൊറിയോഗ്രാഫർ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു രാജേഷ്. ഒരുകാലത്ത് ഏറെ സൂപ്പർ ഹിറ്റ് ആയിരുന്ന ഷോയായിരുന്നു താരോത്സവം. ചാനലുകളുടെ അവാർഡ് ഷോകളിലെയും അണിയറക്കാരനായി ശോഭിച്ച രാജേഷ് അടുത്തകാലത്ത് ശ്രദ്ധ പതിപ്പിച്ചത് സൂപ്പർ ഡാൻസിൽ ആയിരുന്നു. ഒട്ടേറെ വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.