ഗൾഫിൽ വീട്ടുവേല ചെയ്തു മകളെയും മകളുടെ നാലു പെൺമക്കളെയും കെട്ടിച്ചയച്ച ജമീല ഒടുവിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ വീട്ടുകാർക്കെല്ലാം വേണ്ടാത്തവളായി. പ്രവാസം അവസാനിപ്പിച്ച പ്രവാസി കറവ പറ്റിയ പശുവിനെ പോലെയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിൽ നമ്മുടെ ജമീലയുടെ ജീവിതത്തിൽ സംഭവിച്ചതും അതുതന്നെയാണ്. ഒരു പാതിരാത്രിയിൽ മരുമകൻ വീട്ടിൽ നിന്നും ആട്ടിയിറക്കിയതോടെ ജമീല 66 വയസ്സിൽ വീണ്ടും ഗൾഫുകാരിയായി.
തൃശ്ശൂർ ചേലക്കരയിൽ നിന്ന് അറബി വീട്ടിൽ ജോലി തേടി ജമീല വിമാനം കയറുമ്പോൾ വയസ്സു 30. ഇരുപതാം വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ച അവർ ഏക മകളെ പഠിപ്പിച്ച് മിടുക്കിയാക്കാനാണ് പ്രവാസം തെരഞ്ഞെടുത്തതെങ്കിൽ വർഷം 36 കടന്നുപോയി. ഇതിനിടെ മകളുടെ വിവാഹം അവരുടെ നാല് പെൺമക്കളുടെ പഠനം വിവാഹം. എല്ലാം അറബി വീട്ടിൽ പണിയെടുത്ത കാശുകൊണ്ട് ജമീല ആർഭാടമായി നടത്തി. എന്നിട്ടും ആ ഉമ്മ വീട്ടുകാർക്ക് അധികപ്പറ്റായി.
കൊച്ചു മക്കളെ എല്ലാം തന്നാലാവും വീതം സ്വർണ്ണം കൊടുത്തു കെട്ടിച്ചയച്ച ജമീല ശരീരം തൊഴിലെടുക്കാൻ അനുവദിക്കാതെ വന്നപ്പോൾ അറുപതാം വയസ്സിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ ഗൾഫുകാരിക്ക് കിട്ടിയ സ്വീകരണവും സ്നേഹമൊന്നും ഇത്തവണ ഉണ്ടായില്ല. വാർദ്ധക്യത്തിന്റെ അന്ത്യത്തിലേക്ക് കാലും നീട്ടിയിരിക്കുന്ന വരുമാനം നിലച്ച ഒരു പ്രവാസി മാത്രമായി ജമീല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രായമായ ഉമ്മ അവരുടെ സ്റ്റാറ്റസ് ചേരാതെയായി.
ഒരു രാത്രിയിൽ ഏക മകളുടെ ഭർത്താവ് വീട്ടിൽ നിന്നും ആട്ടിയിറക്കി. ഒടുവിൽ 66 മത് വയസ്സിൽ ജമീല വീണ്ടും പ്രവാസിയായി. ഉമ്മയുടെ വിഷമം മനസ്സിലാക്കിയ അയൽവാസികളായ ദമ്പതികളാണ് ദുബായിലെ വീട്ടിലേക്ക് ജോലിക്ക് കൊണ്ടുവന്നത്. പ്രതിദിനം മൂന്നും നാലും വീടുകൾ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത രണ്ടര വർഷത്തിനിടെ മൂന്ന് സെൻറ് സ്ഥലം നാട്ടിൽ സ്വന്തമാക്കി. പക്ഷേ അടച്ചുറപ്പുള്ള ഒരു വീട് എന്ന ആഗ്രഹം പൂർത്തിയാക്കാനുള്ള ബാല്യം ആ ഉമ്മിക്കില്ല.
ഒറ്റമുറി വീട് അതിന് സുമനസ്സുകളുടെ സഹായം തേടുകയാണ് അവർ. പ്രവാസികൾ പലരും സ്വയം ജീവിക്കാൻ മറന്നു പോയവരാണ്. സ്വന്തം കുടുംബം വളർത്താൻ ബന്ധങ്ങളെ പിണക്കാതിരിക്കാൻ മുണ്ടുമുറുക്കി ഉടുത്തവർ. എങ്കിലും പ്രവാസികളെ മനസ്സിലാക്കാൻ നല്ല പാതികൾക്കോ അവരുടെ രക്തത്തിൽ പിറന്ന മക്കൾക്കോ പലപ്പോഴും കഴിയാതെ പോകുന്നു. അവരിൽ ഒരാൾ മാത്രമാണ് ജമീല. മരണം നമുക്ക് എന്നാണെങ്കിലും വരും. എവിടെയെങ്കിലും സമാധാനമായി കിടന്നു മരിക്കണം എന്നാണ് ജമീലയുടെ ആഗ്രഹം.