ഒരു സമയത്ത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്ന ഒരു പേരാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മത്സ്യ വില്പന നടത്തുന്ന ഹനാന്റെ വീഡിയോ വൈറൽ ആയിരുന്നു. നടി, മോഡൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലകളിൽ പ്രശസ്തയാണ് ഹനാൻ. ജീവിത ചിലവ് കണ്ടെത്താനാണ് മത്സ്യ വില്പന നടത്തുന്നത് എന്ന് ഹനാൻ പറഞ്ഞിരുന്നു. ഹനാനെ വിമർശിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. ഹനാന് നിരവധി തവണ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെ നാൾ ഹനാൻ കിടപ്പിൽ ആയിരുന്നു. നട്ടെല്ലിന് പരിക്കുപറ്റി കിടപ്പിലായിരുന്ന ഹനാന്റെ ചികിത്സ കേരള സർക്കാർ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഹനാൻ. നിറഞ്ഞ കയ്യടിയോടെയാണ് ഹനാനെ സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ആളുകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നമാണ് ഫെയ്ക്ക് ഐഡികളിൽ നിന്ന് ഉൾപ്പെടെ വരുന്ന ചീത്ത വിളിയും, അശ്ലീല സന്ദേശങ്ങളും, അശ്ലീല ദൃശ്യങ്ങളും, അപവാദങ്ങളും ഒക്കെ. അത്തരത്തിൽ ഒരു അനുഭവം ഹനാന് നേരിടേണ്ടിവന്നു. എന്നാൽ തനിക്ക് അശ്ലീല ചിത്രങ്ങളും മെസ്സേജുകളും അയച്ച വ്യക്തിയെ ഹനാൻ തന്നെ പിടികൂടിയിരിക്കുകയാണ്. എറണാകുളം കുമ്പളങ്ങി സ്വദേശി ജോസഫ് ആണ് പിടിയിലായത്.
പ്രതിയെ ഹനാൻ തന്നെ കൊച്ചിയിലേക്ക് തന്ത്രപൂർവ്വം വിളിച്ചുവരുത്തി പോലീസിന് കൈമാറുകയായിരുന്നു. ഹനാന്റെ വാക്കുകൾ ഇങ്ങനെ; “ശാരീരിക അവയവം തുറന്നുകാണിച്ച് എന്ന ലൈംഗികമായി ചൂഷണം ചെയ്ത ഒരാൾക്കെതിരെ കഴിഞ്ഞദിവസം ഞാൻ പരാതിപ്പെട്ടിരുന്നു മൂന്നുദിവസം ചാറ്റ് ചെയ്ത് അവനെ വിളിച്ചു വരുത്തി പോലീസിനെ കൊണ്ട് പിടിപ്പിച്ചതിനു ശേഷം പിന്നീട് എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾ എനിക്ക് അറിയിക്കാനായിട്ട് കഴിഞ്ഞിരുന്നില്ല. അത് നിങ്ങളെ അറിയിക്കാനായി ഈ പത്രവാർത്തയ്ക്കായി ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു. എൻറെ വീഡിയോ കണ്ടപ്പോൾ പ്രതിയുടെ വിവരങ്ങളും ഫോട്ടോയും പേരൊക്കെ ചോദിച്ചുകൊണ്ട് പലരും കമന്റ് ഇട്ടിട്ടുണ്ടായിരുന്നു.
ഇന്ന് വിശദമായിട്ട് പ്രതിയുടെ ഫോട്ടോ മേൽവിലാസം എല്ലാം പരസ്യപ്പെടുത്താൻ ആയിട്ടാണ് ഈ വീഡിയോയിൽ ഞാൻ വന്നിരിക്കുന്നത്. ആ ഒരു ഞരമ്പ് രോഗിയുടെ പേരാണ് ജോസഫ് ഷൈജു. അങ്ങനെ അയാളെ പോലീസ് പിടിച്ചത് മാത്രമല്ല ഇപ്പോൾ 14 ദിവസം കാക്കനാട് ജയിലിൽ റിമാൻഡ് പോയിരിക്കുകയാണ്. ഓരോ പെൺകുട്ടികളും ലൈംഗികമായ ചൂഷണങ്ങളും അതിക്രമങ്ങളും ഉണ്ടായി കഴിഞ്ഞാൽ മിണ്ടാതിരിക്കാതെ പ്രതികരിക്കാനായിട്ട് തുടങ്ങി കഴിഞ്ഞാൽ ഇങ്ങനെയുള്ള ചൂഷണങ്ങൾ ഇങ്ങനെയുള്ള ഞരമ്പന്മാരെ നമുക്ക് ഇല്ലായ്മ ചെയ്യാനായിട്ട് ഈ ഒറ്റ വഴിയുള്ളൂ എന്നാണ് എനിക്ക് നിങ്ങളോട് പറയാൻ ആയിട്ടുള്ളത്.
പിന്നെ എന്റെ കഴിഞ്ഞ വീഡിയോയ്ക്ക് അകത്ത് പ്രതിയെ പിടിച്ചു കൊണ്ടു പോകുന്ന വീഡിയോയിൽ ഞാൻ അടി കൊടുക്കുന്നത് കണ്ടപ്പോൾ പല നെഗറ്റീവ് കമന്റുകളും വന്നു. നിയമം കയ്യിലെടുക്കാനും ഇവനെ തല്ലാനും ഇവൾ ആരാണ് എന്ന് ചോദിച്ചു കൊണ്ട് പല കമന്റുകളും വന്നിരുന്നു. ഞാൻ നിങ്ങൾക്ക് കഴിഞ്ഞ വീഡിയോയിൽ രണ്ടു മെസ്സേജ് ആണ് അവൻ അയച്ചത് കാണിച്ചത്. ഈ നെഗറ്റീവ് കമൻറ് ഇടുന്ന ആങ്ങളമാരും ഒന്ന് വന്നിട്ട് അവൻറെ പേഴ്സണൽ ചാറ്റ് ചോദിക്കുകയാണെങ്കിൽ ഞാൻ അയച്ചു തരാം.
അവൻറെ ചാറ്റ് കണ്ടുകഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ അവനെ ഈ നാട്ടിൽ നിന്ന് തന്നെ വിലക്ക് കൽപ്പിച്ചു തല്ലി ഓടിക്കാനുള്ള സാധ്യതയാണുള്ളത്. അത്രയും മോശമായിട്ടാണ് മൂന്നുദിവസത്തോളം അവൻ ചാറ്റ് ചെയ്യുന്ന സഹിച്ചുകൊണ്ട് അവനെ വിളിച്ചു വരുത്തി വളരെ അധികം ബുദ്ധിമുട്ടിയാണ് പോലീസിന് പിടിച്ചു കൊടുക്കേണ്ട ഒരു അവസ്ഥ വന്നത്.” ഇതിനു മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെ തന്നെ കടന്നു പിടിച്ച വ്യക്തിക്കെതിരെ ഹനാൻ പ്രതികരിച്ചിരുന്നു.