ആദ്യ സിനിമയിലൂടെ തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നായികയായി മാറുക എന്നത് അപൂർവമായി മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. അങ്ങനെ ഒരു ഭാഗ്യം ലഭിച്ച നടിയാണ് സായി പല്ലവി. മലയാളത്തിലൂടെ അരങ്ങേറ്റം നടത്തിയ നടിക്ക് ഇന്ന് തമിഴിലും തെലുങ്കിലും ഒക്കെ തന്റേതായി ഒരിടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 2015 പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് സായി പല്ലവി അരങ്ങേറ്റം കുറിക്കുന്നത്. അതിനുമുമ്പ് കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി സായി പല്ലവി അഭിനയിച്ചിരുന്നു. എന്നാൽ അതിനൊക്കെ ശേഷം പങ്കെടുത്ത റിയാലിറ്റി ഷോയാണ് സായിപല്ലവിയെ പ്രേമത്തിലേക്ക് എത്തിച്ചത്.
മികച്ച നർത്തകിയായ സായി പല്ലവിയുടെ റിയാലിറ്റി ഷോയിലെ പ്രകടനം കണ്ട് അൽഫോൺസ് പുത്രൻ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. എംബിബിഎസ് നേടിയ സായി അമ്മയുടെ ഇഷ്ടപ്രകാരമായിരുന്നു റിയാലിറ്റി ഷോയിലേക്ക് എത്തിയത്. അതാണ് നടിയുടെ ജീവിതം മാറ്റിയത്. പ്രേമത്തിൽ മലർ മിസ്സ് എന്ന കഥാപാത്രമായാണ് സായി പല്ലവി എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ തരംഗമായി മാറുകയായിരുന്നു ആ കഥാപാത്രവും സായ് പല്ലവിയും. അതിനുശേഷം ദുൽഖറിനൊപ്പം കലി എന്ന സിനിമയാണ് നടി അഭിനയിച്ചത്. പിന്നീട് തമിഴ് നിന്നും തെലുങ്കിൽ നിന്നും ഒക്കെ മികച്ച അവസരങ്ങൾ സായി പല്ലവിയെ തേടി എത്തുകയായിരുന്നു.
കലിക്ക് ശേഷം ഫഹദ് ഫാസിലിനൊപ്പം അതിരൻ എന്ന ചിത്രമാണ് സായിപല്ലവി മലയാളത്തിൽ ചെയ്തത്. ഇപ്പോൾ തമിഴിലും തെലുങ്കിലും ആണ് നടി കൂടുതലായി അഭിനയിക്കുന്നത് അവിടെ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സായി പല്ലവി. എന്നാൽ വളരെ സെലക്ടീവായി മാത്രമാണ് നടി സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഒപ്പം തന്നെ ചില വേഷങ്ങൾ ചെയ്യില്ല എന്ന തീരുമാനവും സായി പല്ലവി എടുത്തിട്ടുണ്ട്. ഒപ്പം ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കില്ലെന്നും നടി പറഞ്ഞിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇതിൻറെ കാരണവും സായി പ്പല്ലവി വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോൾ ആ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
ഞാൻ ജോർജിയയിൽ പഠിക്കുമ്പോൾ ടാങ്കോ പഠിച്ചിരുന്നു. ഒരു പെർഫോമൻസിന് വേണ്ടി എനിക്കൊരു സ്ലിറ്റ് വസ്ത്രം ധരിക്കേണ്ടി വന്നു. അതിന് ഞാൻ എൻറെ മാതാപിതാക്കളുടെ അനുവാദം വാങ്ങിയിരുന്നു. പിന്നീട് എൻറെ ആദ്യചിത്രം പ്രേമം റിലീസ് ചെയ്യുകയും അതിലെ പ്രകടനത്തിന്റെ പേരിൽ എല്ലാവരും എന്നെ അഭിനന്ദിക്കുകയും ചെയ്യുന്ന സമയത്ത് എൻറെ ആ പഴയ ടാങ്കോ ഡാൻസ് വീഡിയോ വൈറലായി. അതിനുശേഷം ആളുകൾ വീഡിയോ അഭിനന്ദിക്കുക നിർത്തി എന്റെ സ്ലിറ്റ് വസ്ത്രത്തെ കുറിച്ച് കമന്റ് ചെയ്യാൻ തുടങ്ങി. എന്നെ അത് വളരെ അസ്വസ്ഥയാക്കി. ആ സംഭവത്തിനു ശേഷമാണ് ഞാൻ ഈ തീരുമാനം തിരഞ്ഞെടുത്തത്.
എന്തെങ്കിലും ചെയ്തിട്ട് പിന്നീട് അതിനെക്കുറിച്ച് ഓർത്ത് അസ്വസ്ഥത ആകണ്ടെന്ന് എനിക്ക് തോന്നി. ഒരാളുടെ സ്വഭാവം അവരുടെ വസ്ത്രം കൊണ്ട് നമുക്ക് തീരുമാനിക്കാൻ ആവില്ല. എൻറെ അച്ഛനോട് അമ്മയോടും ചെന്ന് ചോദിച്ചാൽ അറിയാം ഞാൻ ചിലപ്പോൾ ഒച്ച ഉണ്ടാക്കുകയും ദേഷ്യപ്പെടുകയും ഒക്കെ ചെയ്യുന്ന വ്യക്തിയാണ്. ഞാൻ ധരിക്കുന്നത് എൻറെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കണമെന്നില്ല എന്നായിരുന്നു സായി പല്ലവി പറഞ്ഞത്. ഉലക നായകൻ കമലഹാസൻ നിർമ്മിക്കുന്ന എസ് കെ എന്ന ശിവകാർത്തികേയൻ ചിത്രത്തിലാണ് നടി സായിപല്ലവി ഇപ്പോൾ അഭിനയിക്കുന്നത്.