ചെറിയ പരാജയങ്ങളിലും പ്രതിസന്ധികളിലും പതറി പതറി പോകുന്നവർ ആണ് നമുക്ക് ചുറ്റും കൂടുതൽ. പ്രതിസന്ധികളെ തരണം ചെയ്തു വിജയം കൊയ്യുന്നവരാണ് യഥാർത്ഥ പോരാളികൾ. ആഗ്രഹിക്കുന്ന വിജയങ്ങൾ നേടാൻ കാലങ്ങളുടെ കാത്തിരിപ്പും പരാജയത്തിന്റെ കൈപ്പും വേണ്ടി വന്നേക്കും. ലോകത്ത് ഏറ്റവും വലിയ മോട്ടോർ വാഹന ഡീലറുകളുടെ മുൻപന്തിയിലാണ് ഹോണ്ടയുടെ സ്ഥാനം. ആർക്കും അസൂയ തോന്നിപ്പോകുന്ന ആസ്ഥാനം കൈപ്പിടിയിലാക്കിയത് ഒരു രാത്രിയുടെ കഥയല്ല. പരിശ്രമത്തിന്റെ പരിണിതഫലമാണ്. ജപ്പാനിലെ ഒരു സൈക്കിൾ മെക്കാനിക്കിന്റെ മകനായിരുന്നു സോയ്ച്ചിറോ ഹോണ്ട. പഠനത്തിൽ മികവ് നേടാൻ ആകാത്ത അദ്ദേഹം സൈക്കിളുകളുടെയും മോട്ടോറുകൾ ലോകത്തിൽ തിളങ്ങി.
വാഹനങ്ങളുടെ പ്രവർത്തനത്തിന് പ്രധാനമായിരുന്ന പിസ്റ്റൺ നിർമ്മിച്ചു നൽകുക എന്ന ലക്ഷ്യവുമായി അന്ന് അദ്ദേഹം ടൊയോട്ടയെ സമീപിച്ചു. എന്നാൽ അദ്ദേഹം നിർമ്മിച്ച പിസ്റ്റണുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ട് ടൊയോട്ട അത് നിരസിക്കുകയുണ്ടായി. പിന്നീട് പരിശ്രമത്തിലൂടെ മറ്റൊന്ന് നിർമ്മിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു. ശേഷം വലിയ തോതിലുള്ള ഉത്പാദനത്തിന് ഒരു ഫാക്ടറി ആവശ്യമായി വന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധം കൊടുംപിരി കൊണ്ടിരിക്കുന്ന ആ കാലഘട്ടത്തിൽ സിമൻറ് മുതൽ എല്ലാ വസ്തുക്കൾക്കും വൻ ക്ഷാമം ഉണ്ടായി. സിമന്റിന് പകരം ഒരു മിശ്രിതം കണ്ടെത്തുകയും അദ്ദേഹം ഫാക്ടറി പണിയുകയും ചെയ്തു.
അത് ലാഭകരമായി മുന്നോട്ടുപോകുമ്പോൾ രണ്ടാം ലോകമഹായുദ്ധവും ജപ്പാനിലെ ഭൂകമ്പവും വീണ്ടും തളർത്താനായി വന്നെത്തി. ഇതിൽ തകർന്നുപോയ കമ്പനിയുടെ ബാക്കിയുള്ളതെല്ലാം മറ്റൊരു പ്രമുഖ കമ്പനിക്ക് വിൽക്കാൻ ഹോണ്ട നിർബന്ധിതനായി. രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിയും സഖ്യകക്ഷികളുടെ ആക്രമണവും ജപ്പാനെ നിലംപരിശാക്കിയിരുന്നു. സൈക്കിൾ സവാരി ആശ്രയിച്ചിരുന്ന ആ കാലഘട്ടത്തിൽ യുദ്ധത്തിൽ തകർന്ന വാഹനങ്ങളുടെ അവശിഷ്ടവും പുല്ല് വെട്ടുന്ന യന്ത്രത്തിന്റെ പ്രവർത്തന തത്വവും കൈമുതലാക്കിക്കൊണ്ട് അദ്ദേഹം സൈക്കിളുകളിൽ മോട്ടോർ ഘടിപ്പിച്ചു. പരിശ്രമത്തിലൂടെ ആ കണ്ടുപിടുത്തം ജനശ്രദ്ധ നേടി.
1970കളിലെ അമേരിക്കൻ ഇന്ധന ക്ഷാമ സമയത്ത് ഹോണ്ട ചെറു കാറുകൾ എന്ന ആശയം മുന്നോട്ട് വെച്ചു. 2001ൽ ജപ്പാനിലെ മുൻകിട മോട്ടോർ മൊബൈൽ മാനുഫാക്ചർ ആയി ഹോണ്ട മാറി. ഇന്ന് ദശലക്ഷക്കണക്കിന് വരുമാനം വരുന്ന കമ്പനിയാണ് ഹോണ്ട. പരാജയത്തിന്റെ പാതയിൽ അടിതെറ്റി വീഴാതെ എഴുന്നേൽക്കുന്നവരുടെ വീരഗാഥ നമ്മുടെ മുന്നിലെ പാതയിലെ വാഹനങ്ങളിൽ നമുക്ക് കാണാനാകും. പരാജയം ജീവിതത്തിൻറെ തുടക്കം മാത്രമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ വിജയ കഥ.