തമിഴ് സിനിമകളിൽ തിളങ്ങുന്ന നടിയായിരുന്നു ലക്ഷ്മി മേനോൻ. 2012 സുന്ദര പാണ്ഡ്യൻ എന്ന സിനിമയിലൂടെ തമിഴ് സിനിമ രംഗത്തെ നായികയായി തുടക്കം കുറിച്ച ലക്ഷ്മി മേനോനെ തേടി പിന്നീട് നിരവധി ഹിറ്റ് സിനിമകൾ എത്തി. കുംകി, കൊമ്പൻ തുടങ്ങിയ സിനിമകളിൽ ലക്ഷ്മി മേനോൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. തമിഴകത്തെ ഭാഗ്യ നായികയായാണ് ലക്ഷ്മി മേനോൻ അറിയപ്പെട്ടത്. തുടരെ അഭിനയിച്ച സിനിമകൾ വിജയിച്ചതോടെ ലക്ഷ്മി മേനോന് കൈനിറയെ അവസരങ്ങൾ വന്നു. വില്ലേജ് ഗേൾ ഇമേജിലാണ് മിക്ക സിനിമകളിലും ലക്ഷ്മി മേനോൻ അഭിനയിച്ചത്. സുന്ദര പാണ്ഡ്യൻ, കുംകി എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിൻറെ പുരസ്കാരവും ലക്ഷ്മി മേനോൻ നേടി. തമിഴിലാണ് പേരെടുത്തതെങ്കിലും മലയാളിയാണ് ലക്ഷ്മി.
ചില മലയാളം സിനിമകളിൽ വന്ന് മിനിറ്റുകളിൽ മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുമുണ്ട്. സംവിധായകൻ വിനയൻ ആണ് ലക്ഷ്മി മേനോനെ സിനിമാരംഗത്തേക്ക് കൊണ്ടുവരുന്നത്. രഘുവിന്റെ സ്വന്തം റസിയ എന്ന ഇദ്ദേഹത്തിൻറെ സിനിമയിൽ ചെറിയ വേഷത്തിൽ ലക്ഷ്മി അഭിനയിച്ചു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു ലക്ഷ്മി മേനോൻ. പിന്നീട് ഐഡിയൽ കപ്പിൾ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാൽ ഈ സിനിമ പരാജയമായിരുന്നു. തമിഴ് സിനിമ ലോകമാണ് ലക്ഷ്മി മേനോനെ കൈപിടിച്ചുയർത്തിയത്. സംവിധായകൻ പ്രഭു സോളമൻ തന്റെ കുംകി എന്ന സിനിമയിൽ നടിയെ നായികയാക്കി.
ഈ സിനിമയിലെ പ്രകടനം കൊണ്ട് സംവിധായകൻ പ്രഭാകരൻ സുന്ദര പാണ്ഡ്യൻ എന്ന സിനിമയിൽ നടിയെ നായികയാക്കി. ഇതിൽ ആദ്യം റിലീസ് ചെയ്തത് സുന്ദര പാണ്ഡ്യൻ ആണ്. രണ്ട് സിനിമകളും ഹിറ്റായി. താരമായ ശേഷം അവതാരം എന്ന മലയാള സിനിമയിൽ അഭിനയിച്ചു. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. തമിഴിലെ മുൻനിര നായികയായി വളരവെയാണ് ലക്ഷ്മി മേനോനെ സിനിമാലോകത്ത് നിന്നും കാണാതെ ആയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലക്ഷ്മി ലൈവ് ലൈറ്റിൽ ഇല്ല. 2016 മുതലാണ് നടി സിനിമകളിൽ നിന്ന് അകന്നു തുടങ്ങിയത്. 2021ലും 2022ലും ഓരോ സിനിമകൾ ചെയ്തെങ്കിലും ഇവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ചന്ദ്രമുഖി 2 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ.
കങ്കണ, ലോറൻസ് എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നടിയുടെ കരിയറിന് എന്താണ് സംഭവിച്ചത് എന്ന് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. സ്ഥിരം ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്താണ് ലക്ഷ്മി മേനോന് വിനയായത്. ഗ്രാമീണ പെൺകുട്ടിയായി അഭിനയിച്ച് തനിക്കു മടുത്തെന്നും, അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചെന്നും മുമ്പൊരിക്കൽ ലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഒരേ തരത്തിലുള്ള വേഷങ്ങളാണ് സംവിധായകർ തരുന്നത്. ഇത് വളെയധികം മടുപ്പ് ഉളവാക്കുന്നു. ഒരു ബ്രേക്ക് എടുക്കാൻ ആണ് തീരുമാനം.
ശേഷം നല്ല കഥാപാത്രം ചെയ്യുമെന്നും 2017ൽ അഭിമുഖത്തിൽ ലക്ഷ്മി മേനോൻ പറഞ്ഞിരുന്നു. പ്ലസ് ടു പരീക്ഷയുടെ തയ്യാറെടുപ്പിലാണ് താനെന്നും അന്ന് നടി പറഞ്ഞു. എന്നാൽ പിന്നീട് നല്ല അവസരങ്ങൾ ഒന്നും ലക്ഷ്മി മേനോനെ തേടി എത്തിയില്ല. കരിയരിൽ ശക്തമായ തിരിച്ചുവരവ് നടിയെ സംബന്ധിച്ച് ശ്രമകരമാണ്. പ്രത്യേകിച്ച് തമിഴ് സിനിമകളിലേക്ക്. പുതിയ സിനിമ ചന്ദ്രമുഖി 2 വിജയിച്ചാൽ ഒരുപക്ഷേ വീണ്ടും ലക്ഷ്മി മേനോൻ സിനിമകളിൽ സജീവമായേക്കാം. നടിയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.