ചീറിപ്പായുന്ന പത്മാവതി എക്സ്പ്രസിൽ നിന്നും കൂരിലേക്ക് അവരാ പെൺകുട്ടിയെ വലിച്ചെറിഞ്ഞു. തലനാഴിരയ്ക്ക് തൊട്ടടുത്ത ട്രാക്കിലൂടെ പാഞ്ഞ് എത്തിയ മറ്റൊരു ട്രെയിൻ അവളുടെ ഇടതുകാലിലൂടെ കുതിച്ചു പാഞ്ഞു. പിന്നെ ഇരുട്ടായിരുന്നു. കാലിനൊപ്പം ചതഞ്ഞെരഞ്ഞത് ഇന്ത്യയുടെ വോളിബോൾ കോർട്ടിലെ മിന്നും താരത്തിന്റെ സ്വപ്നങ്ങൾ ആയിരുന്നു. അരുണിമ സിൻഹ എന്ന ധീര വനിത. ഇന്ത്യൻ വോളിബോൾ ടീമിലെ അഭിമാന താരം. 2011 ഏപ്രിൽ ലക്നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പത്മാവതി എക്സ്പ്രസിൽ വച്ചാണ് അരുണിമയെ മോഷ്ടാക്കൾ ആക്രമിക്കുന്നത്.
കഴുത്തിലെ മാല പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം തടയുന്നതിനിടയാണ് അരുണിമയെ അധർമ്മസംഘം ട്രാക്കിലേക്ക് വലിച്ചെറിയുന്നത്. ബോധം വീഴുമ്പോൾ തൻറെ അറ്റുപോയ കാലുകളിൽ നിന്ന് എലികൾ ഇര തേടുന്നതാണ്. പിന്നീട് ആരൊക്കെയോ ചേർന്ന ഉത്തർപ്രദേശിലെ ബറേലി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നരക വേദനയിൽ പുളയുമ്പോഴും പ്രാഥമിക ശസ്ത്രക്രിയ ചെയ്യാൻ പോലുമുള്ള സൗകര്യം അവിടെ ഇല്ലായിരുന്നു. അനസ്തേഷ്യ സ്വീകരിക്കാതെ വേദന കടിച്ചമർത്തി തന്റെ തകർന്ന കാലുകൾ മുറിച്ചു നിൽക്കാൻ അവൾ സമ്മതം മൂളി. ബന്ധുക്കൾ എത്തി എയിംസിലേക്ക് മാറ്റിയതോടെയാണ് അരുണിമയുടെ ദുരവസ്ഥ ലോകം അറിയുന്നത്.
അപകടത്തിൽ മനസ്സും ശരീരവും തകർന്ന അവളെ മാനസികമായി തകർക്കുന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടൽ വ്യാജമാണെന്നും ഇന്ത്യൻ താരം ടിക്കറ്റ് എടുക്കാത്തത് പിടിക്കപ്പെടാതിരിക്കാൻ ട്രെയിനിൽ നിന്ന് ചാടിയതാണെന്നും ആത്മഹത്യാശ്രമം ആണ് എന്നും പത്രങ്ങൾ എഴുതി വിട്ടു. അതുവരെ അനുഭവിച്ച നരക വേദനയെക്കാളും 100രട്ടി അപമാനം. ആശുപത്രി കിടക്കയിൽ അവൾ എടുത്ത തീരുമാനമാണ് ഇന്ന് ലോകത്തിൻറെ നെറുകയിലേക്ക് ആ പെൺകുട്ടിയെ വലിച്ചടിപ്പിച്ചത്.
2013ൽ വെപ്പു കാലുമായി അവൾ എവറസ്റ്റ് കൊടുമുടി കയറി ലോക റെക്കോർഡ് നേടി. പിന്നാലെ ആഫ്രിക്കയിലെ കിളിമഞ്ചാരോ. 2019 അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിൻസൽ കീഴടക്കുന്ന ആദ്യ ഭിന്നശേഷിക്കാരി എന്ന പദവിയും. ഒടുവിൽ രാജ്യം അരുണിമയുടെ ആത്മധൈര്യത്തെ പത്മശ്രീ നൽകി ആദരിച്ചു. ഇന്ന് ഭിന്നശേഷിക്കാരായ അനേകം കുട്ടികൾക്ക് വഴികാട്ടിയായ പ്രിയപ്പെട്ട അധ്യാപികയാണ് അരുണിമ സിൻഹ എന്ന ഉരുക്ക് വനിതാ.