നിരവധി വർഷങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇന്ത്യൻ സിനിമയുടെ പുതിയ സൂപ്പർഹീറോ ആയി മാറിയ താരമാണ് ടോവിനോ തോമസ്.സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായിപങ്കു വയ്ക്കാറുണ്ട്. അടുത്തിടെ പൊന്ന്യത്തങ്കത്തിന് തന്റെ പുതിയ മീശ പിരിച്ചുള്ള ലുക്കിൽ ടോവിനോ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ ലുക്കിലാണ് ടോവിനോ ചടങ്ങിന് പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ ആഫ്രിക്കയിലെ ഒരു സഫാരി പാർക്കിൽ നിന്നുള്ള വീഡിയോയാണ് ടോവിനോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.സഫാരി പാർക്കിൽ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ തൻറെ പിന്നിലൂടെ ഒരു സിംഹം കടന്നു പോകുന്ന വീഡിയോയാണ് ടോവിനോ പങ്കു വച്ചിരിക്കുന്നത്.‘സെൽഫി വിത്ത് സിംഹം’എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്ന വീഡിയോയ്ക്ക് ‘സിങ്ക പെണ്ണെ’എന്ന ഗാനമാണ് ടോവിനോ ബാക്ഗ്രൗണ്ടിൽ നൽകിയിരിക്കുന്നത്.വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരും സെലിബ്രിറ്റികളും കമന്റുകളുമായി എത്തുന്നുണ്ട്.’മിന്നൽ മുരളി മിന്നൽ പോലെ ഓടും വെറുതെ സീൻ ആക്കണ്ട’ എന്നാണ് പേർളി മാണിയുടെ കമൻറ്.
‘അതെ ഓടിച്ചിട്ട് പിടിക്കും’എന്നാണ് ടോവിനോ പേർളിയുടെ കമന്റിന് റിപ്ലൈ നൽകിയത്. ഇതെന്താണ് പുഷ്പയുടെ റീലോഡഡ് ആണോ എന്ന രീതിയിലുള്ള കമന്റുകളും ആരാധകർ പോസ്റ്റ് ചെയ്യുന്നുണ്ട്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടോവിനോയുടെ അണിയറയിൽ ഒരുങ്ങുന്നത്.യുജിഎം പ്രൊഡക്ഷൻസ്,മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ മണിയൻ അജയൻ കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.
ജിതിൻ ലാൽ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്.കൂടാതെ ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീല വെളിച്ചം എന്ന ചിത്രവും ടോവിനോയുടെ റിലീസിന് ഒരുങ്ങുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീല വെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ ട്രെയിലർ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.ചിത്രം ഏപ്രിൽ 20നാണ് തിയേറ്ററുകളിൽ എത്തുന്നത്. 2018ലെ മഹാപ്രളയത്തിൻറെ കഥ പറയുന്ന ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിലും ടോവിനോ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ചിത്രം ഏപ്രിൽ 21നാണ് തിയേറ്ററുകളിൽ എത്തുന്നത്.