മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക.നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളൊക്കെ പുറന്തള്ളി ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതിൽ വൃക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്.എന്നാൽ ഈ ആധുനിക കാലത്ത് വൃക്ക രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന വളരെ വലുതാണ്.പലതരത്തിലുള്ള കാരണങ്ങളാൽ ഒരു വ്യക്തിക്ക് വൃക്ക രോഗം വന്നേക്കാം.പ്രമേഹം,രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളും അമിതമായ വേദനസംഹാരികളുടെ ഉപയോഗവും വൃക്കരോഗം ഉണ്ടാക്കിയേക്കാം.
വൃക്കയുടെ ആരോഗ്യത്തിനായി നാം പിന്തുടരേണ്ട ചില കാര്യങ്ങളെപ്പറ്റി പരിശോധിക്കാം. ഭക്ഷണക്രമത്തിൽ അമിതമായി ഉപ്പിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കേണ്ടതാണ്.കാരണം അമിതമായ ഉപ്പിന്റെ അളവ് വൃക്കയിൽ കല്ലുണ്ടാകുന്നതിന് കാരണമാകുന്നു.ഉയർന്ന അളവിൽ പഞ്ചസാര ശരീരത്തിൽ എത്തുന്നത് അമിതവണ്ണത്തിലേക്ക് നയിക്കുകയും പിന്നീട് ഇത് പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കാരണമാവുകയും ചെയ്യുന്നു.പ്രമേഹവും രക്തസമ്മർദ്ദവും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങളാണ്.
ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പലരീതിയിലുള്ള സോഫ്റ്റ് ഡ്രിങ്കുകളും,ഫാസ്റ്റ് ഫുഡുകളും ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന പല പദാർത്ഥങ്ങളും വൃക്കയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.ചിട്ടയായ രീതിയിലുള്ള ഭക്ഷണക്രമം പിന്തുടരുന്നത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാംസാഹാരങ്ങളുടെ അളവ് കുറച്ച് സസ്യാഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് നല്ലതാണ്.കാൽസ്യം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൃക്കകളിൽ കല്ല് വരാതിരിക്കുന്നതിന് നല്ലതാണ്.
ദിവസവും നല്ല രീതിയിൽ വെള്ളം കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മളിൽ പലരും നല്ല രീതിയിൽ പലപ്പോഴും വെള്ളം കുടിക്കാറില്ല.ഇത്തരത്തിൽ വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകളിൽ കല്ല് ഉണ്ടാവുന്നതിന് കാരണമാകുന്നു. പുകവലിക്കുന്നതിലൂടെ ശരീരത്തിലെ രക്തക്കുഴലുകൾ മലിനമാവുകയും രക്തയോട്ടം മന്ദഗതിയിൽ ആവുകയും ചെയ്യും.ഇത് വൃക്കകളുടെ ആരോഗ്യത്തിന് ദോഷകരമാണ്.അതിനാൽ പുകവലി ഒഴിവാക്കുകയും നല്ല രീതിയിൽ ദിവസവും വ്യായാമം ചെയ്ത് ശരീരത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടതാണ്.