ഏതൊരു ദമ്പതികളുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണ് ഒരു കുഞ്ഞിനായി കാത്തിരിക്കുകയും ആ കുഞ്ഞിനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതും ചെയ്യുക എന്നത്.പലരും വിവാഹശേഷം ഒരു കുഞ്ഞിനെ വരവേൽക്കാൻ പലരീതിയിലും ഒരുങ്ങുകയും അതിനായി ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്.ചിലർ വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞു മതി കുഞ്ഞ് എന്നും മറ്റുചിലർ ഉടനെ കുഞ്ഞിനായി ആഗ്രഹിക്കുകയും ചെയ്യുന്നു.
എന്നാൽ ഇത്തരത്തിലുള്ള പല പ്ലാനിങ്ങുകളെയും വിഫലമാക്കിക്കൊണ്ട് ഗർഭധാരണം ഉടനെ സംഭവിക്കുകയും അല്ലെങ്കിൽ വൈകുകയും ചെയ്തേക്കാം.ഗർഭധാരണം വൈകുന്നത് ഒരുപക്ഷേ പലരിലും ഈ കാലത്ത് കണ്ടുവരാവുന്ന വന്ധ്യത എന്ന കാരണം കൊണ്ടാവാം.സ്ത്രീ പുരുഷ ഭേദമന്യേ ഉണ്ടാകുന്ന വന്ധ്യത പലരിലും പല രീതിയിലും തോതിലും ആണ് കാണപ്പെടുക.അതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് ചികിത്സ നിർണയിക്കുക.കുഞ്ഞിനായി കാത്തിരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അതിൽ പ്രധാനപ്പെട്ട ചില ദുശ്ശീലങ്ങൾ ഒഴിവാക്കുക എന്നതാണ്.ഇക്കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന പുകവലി വന്ധ്യതക്ക് ഉള്ള ഒരു കാരണമായി മാറിയേക്കാം.പലതരം ടെൻഷനും സ്ട്രെസ്സും മൂലം പലരിലും ഇക്കാലത്ത് ഉറക്കത്തിന്റേതായ പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഈ ഉറക്ക പ്രശ്നങ്ങൾ കൃത്യമായി പരിഹരിച്ചില്ലെങ്കിൽ ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും,പിന്നീട് വന്ധ്യതയ്ക്കും അബോർഷനും വരെ കാരണമായേക്കാം. ചായയിലും കോഫിയിലും ഉള്ള കഫീൻ അമിതമായി ശരീരത്തിൽ എത്തുന്നതും വന്ധ്യതയിലേക്ക് നയിക്കുന്നതിന് കാരണമാകാം.
മദ്യപിക്കുന്ന ശീലം ഉള്ള വ്യക്തികൾ ഒരു കുഞ്ഞിനായി കാത്തിരിക്കുമ്പോൾ ആ ശീലം ഒഴിവാക്കേണ്ടതാണ്.കാരണം ലോകമൊട്ടാകെ തന്നെ വന്ധ്യതയിലേക്ക് വലിയൊരു വിഭാഗം പേരെയും എത്തിക്കുന്നതും മദ്യപാനവും പുകവലിയുമാണ്. നിയന്ത്രിതമായ അളവിലാണ് ഒരു വ്യക്തി മദ്യപിക്കുന്നത് എങ്കിലും എല്ലാദിവസവും മദ്യം ശരീരത്തിൽ എത്തുന്നതും വന്ധ്യതക്ക് കാരണമായേക്കാം.ഒരു ദിവസത്തിൽ കൃത്യമായ സമയങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.എന്തെന്നാൽ മോശം ഭക്ഷണക്രമവും ചിലരില് വന്ധ്യത പോലുള്ള ഗൗരവമുള്ള പ്രശ്നങ്ങളിലേക്ക് വഴി തുറക്കാറുണ്ട്.