നാം കഴിക്കുന്ന പല രീതിയിലുള്ള ഭക്ഷണത്തിൽ നിന്നും അവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആണ് മനുഷ്യ ശരീരത്തിലെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നത്.പലരീതിയിലുള്ള വിറ്റാമിനുകൾ മനുഷ്യ ശരീരത്തിന് അതിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷികമാണ്. ഇതുപോലെതന്നെ മനുഷ്യ ശരീരത്തിന് വളരെ ആവശ്യമായ ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ കെ. അമിത രീതിയിലുള്ള രക്തസ്രാവം തടയുന്നതിന് വിറ്റാമിൻ കെ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
വിറ്റാമിൻ കെ യഥാർത്ഥത്തിൽ സംയുക്തങ്ങളുടെ ഒരു കൂട്ടമാണ്.ഈ സംയുക്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിൻ കെ 1,വിറ്റാമിൻ കെ 2 എന്നിവയാണ്.വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഇലക്കറികളിൽ നിന്നും മറ്റ് ചില പച്ചക്കറികളിൽ നിന്നും വിറ്റാമിൻ കെ 1 ലഭിക്കും. മാംസം,ചീസ്,മുട്ട എന്നിവയിൽ നിന്ന് വലിയ അളവിൽ ലഭിക്കുന്നതും ബാക്ടീരിയകളാൽ സമന്വയിപ്പിച്ചതുമായ സംയുക്തങ്ങളുടെ ഒരു കൂട്ടമാണ് വിറ്റാമിൻ കെ 2.
മുതിർന്നവരിൽ വിറ്റാമിൻ കെയുടെ കുറവ് വലിയ രീതിയിൽ കാണാൻ ആകില്ല എങ്കിലും നവജാത ശിശുക്കളിൽ ഈ വിറ്റാമിന്റെ കുറവ് കാണുന്നത് സാധാരണമാണ്.വിറ്റാമിൻ കെയുടെ അളവിലുള്ള കുറവ് ശരീരത്തിൽ നിയന്ത്രിക്കാൻ ആവാത്ത രീതിയിലുള്ള രക്തസ്രാവം ഉണ്ടാവുന്നതിലേക്ക് നയിച്ചേക്കാം.വിറ്റാമിൻ കെ നമ്മുടെ ശരീരത്തിന് ലഭിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.വിറ്റാമിൻ കെ,ഇരുമ്പ്,ഫോളേറ്റ്,മഗ്നീഷ്യം,വിറ്റാമിൻ ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ചീര കഴിക്കുന്നത് വളരെ നല്ലതാണ്.
ഒരു കപ്പ് വേവിച്ച ചീര കഴിക്കുന്നത് പോഷക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.വിറ്റാമിൻ കെ അടങ്ങിയിരിക്കുന്ന ബ്രോക്കോളി ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്.വെറും അര കപ്പ് വേവിച്ച ബ്രൊക്കോളിയിൽ 110 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. മുട്ട കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ കെ 2 ലഭിക്കുന്നതിന് വളരെ നല്ലതാണ്. മുട്ട കഴിക്കുന്നു കൊണ്ട് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിക്കുകയും കാഴ്ചശക്തി കൂടുകയും ചെയ്യുന്നു.വിറ്റാമിൻ കെ അടങ്ങിയിരിക്കുന്ന ചീസ് മിതമായ രീതിയിൽ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.